15- വയസുകാരിയെ ലൈംഗികമായിഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന പോക്സോ കേസിൽ അറസ്റ്റിലായതിനു പിന്നാലെ യൂത്ത്കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ഷാൻ അരുവിപ്ലാക്കലിനെ സംഘടനാ ചുമതലകളിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സുഹൃത്തായ യുവതിയുടെ മകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് ഷാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.
പെൺകുട്ടിയുടെ മാതാവുമായി നേരത്തെ സൗഹൃദത്തിലായിരുന്നു ഷാൻ. തുടർന്ന് മൂന്ന് വർഷം മുമ്പ് പെൺകുട്ടിയെ ലൈംഗികപരമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് കുട്ടി വിവരം പുറത്തുപറയുന്നത്. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പോലീസാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്. സംഭവം വലിയ വിവാദമായതിന് പിന്നാലെ നേതാക്കൾ ഇടപെട്ട് ഷാനെ പുറത്താക്കിയതായുള്ള അറിയിപ്പ് നൽകിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.