റിയാദ് പതിനാറു വയസ്സുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത് സൗദി തലസ്‌ഥാനമായ റിയാദിലെത്തിയ യുവാവ് രണ്ടു വർഷത്തിന് ശേഷം കേരള പൊലീസിന്റെ പിടിയിലായി. വധുവിന്റെ പരാതിയിലാണ് മണ്ണാർക്കാട് സ്വദേശിക്കെതിരെ പൊലീസ് പോക്സോ കേസ് ചുമത്തിയിരുന്നത്. ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസിലാണ് യുവാവിനെ പൊലീസ് സംഘം നാട്ടിലേക്ക് കൊണ്ടുപോയത്
റിയാദിൽ ജോലി ചെയ്തിരുന്ന ഇയാൾ അവധിക്കായി നാട്ടിലെത്തിയപ്പോഴാണ് പതിനാറുകാരിയെ വിവാഹം ചെയ്തത്. 2022-ലായിരുന്നു വിവാഹം. കുറച്ചു ദിവസത്തിന് ശേഷം ഇയാൾ നാട്ടിൽനിന്ന് റിയാദിലെത്തി. എന്നാൽ പിന്നീട് ബന്ധുക്കളും വധുവും ചേർന്ന് യുവാവിനെതിരെ പീഡനം ആരോപിച്ച് കേസ് നൽകി. ഇന്റർപോളിന്റെ സഹായം തേടിയ കേരള പൊലീസ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചു. ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പടുവിച്ചതോടെ സൗദി ഇന്റർപോൾ അറസ്റ്റ് ചെയ്തു ജയിലിലാക്കി.
ഇന്നലെ രാത്രിയാണ് കേരളത്തിൽനിന്നെത്തിയ പൊലീസ് സംഘത്തിന് സൗദി പൊലീസ് പ്രതിയെ കൈമാറിയത്. അഞ്ചു ദിവസം മുൻപാണ് കേരള പൊലീസ് ഉദ്യോഗസ്ഥരായ മണ്ണാർക്കാട് ഡിവൈ.എസ്.പി സുന്ദരൻ, ഉദ്യോഗസ്ഥരായ നൗഷാദ്, റംഷാദ് എന്നിവർ റിയാദിൽ എത്തിയത്. പ്രതിയെ സൗദി പൊലീസ് ഇന്നലെ രാത്രി വിമാനത്തിൽ വച്ച് കേരള പൊലീസിന് കൈമാറി. അതേസമയം, ശൈശവ വിവാഹ നിരോധന നിയമമനുസരിച്ച് യുവാവിനും വരന്റെയും വധുവിന്റെയും മാതാപിതാക്കൾക്കെതിരെയും കേസെടുത്തു.