ഭോപ്പാൽ: മധ്യപ്രദേശിൽ ദുർമന്ത്രവാദത്തിനിരയായി 6 മാസം പ്രായമായ കുഞ്ഞ്. ബാധ ഒഴിപ്പിക്കാനെന്ന പേരിൽ കുട്ടിയെ തീയ്ക്ക് മുകളിൽ മന്ത്രവാദി തലകീഴായി കെട്ടിത്തൂക്കി. സംഭവത്തിനു പിന്നാലെ കുഞ്ഞിന്‍റെ ഇരുകണ്ണുകളുടേയും കാഴ്ച നഷ്ടമായി. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് ഈ ക്രൂരത നടന്നത്.
തീയ്ക്ക് മുകളിൽ തലകീഴായി കെട്ടിതൂക്കിയത് കുഞ്ഞിന്‍റെ കണ്ണിന് സാരമായ പരുക്കുണ്ടാക്കിയിട്ടുണ്ട്. ഇനി കാഴ്ച തിരികെ ലഭിക്കുന്ന കാര്യം സംശയമാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
കുട്ടിയ്ക്ക് എന്തൊക്കയോ അസ്വസ്ഥതകളുണ്ടെന്ന് പറഞ്ഞാണ് മാതാപിതാക്കൾ കുഞ്ഞുമായി ദുർമന്ത്രവാദിക്ക് മുന്നിലെത്തുന്നത്. തുടർന്ന് കുട്ടിയെ ചില അദൃശ്യശക്തികൾ വളഞ്ഞിരിക്കുന്നതായും ഇത് മാറാനായി ഭൂതോച്ചാടന ചടഞ്ഞ് നടത്തണമെന്നും ദുർമന്ത്രവാദിയായ രഘുവീർ ധാക്കഡ് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
തുടർന്ന് തീയ്ക്ക് മുകളിൽ മന്ത്രവാദി കുട്ടിയെ തലകീഴായി കെട്ടിത്തൂക്കുകയായിരുന്നു. ഭയവും വേദനയും കൊണ്ട് കുട്ടി നിലവിലിച്ചെങ്കിലും കുട്ടിക്ക് സുഖം ലഭിക്കുമെന്ന് വിശ്വസിച്ച് മാതാപിതാക്കൾ അത് കാര്യമാക്കിയില്ല. തുടർന്ന് കുഞ്ഞിന് പൊള്ളലേറ്റതിനെ തുടർന്ന് മാതാപിതാക്കൾ ശിവഗിരിയിലെ താലൂക്ക് ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്‍റെ കാഴ്ച നഷ്ടപ്പെട്ടതായി മാതാപിതാക്കൾ അറിയുന്നത്. നിലവിൽ കുട്ടി ഐസിയുവിൽ ചികിത്സയിലാണ്.
ഗ്രാമവാസിയായ യുവാവാണ് സംഭവം പൊലീസിൽ അറിയിക്കുന്നത്. തുടർന്ന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ദുർമന്ത്രവാദിയെ ഇതുവരെ പിടികൂടാനായിട്ടില്ല. കുട്ടി നില. പൊലീസ് മേധാവി കുട്ടിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു. 72 മണിക്കൂറുകൾ കഴിഞ്ഞ ശേഷം മാത്രമേ കുട്ടിയുടെ കാഴ്ച സംബന്ധിച്ച് എന്തെങ്കിലും പറയാനാവൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി പൊലീസ് വ്യക്തമാക്കി.