കൊച്ചി: കാക്കനാട് തെങ്ങോട് ഗവ. സ്കൂളിൽ പത്താം ക്ലാസുകാരിക്കു നേരെ നായ്ക്കുരണ പൊടി പ്രയോഗിച്ച സംഭവത്തിൽ ഒടുവിൽ നടപടിയുമായി പൊലീസ്. വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ എട്ടു പേർക്കെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു. ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് കേസെടുക്കാൻ പൊലീസ് തയാറായത്.
അധ്യാപകരായ ശ്രീകാന്ത്, ജിഷ എന്നിവർ ഉൾപ്പെടെ എട്ടു പേർക്കെതിരേയാണ് പൊലീസ് കേസെടുത്തത്. അഞ്ചും ആറും പ്രതികളായ അധ്യാപകർ അതിജീവിതയ്ക്ക് മതിയായ പിന്തുണയും പരിരക്ഷയും നൽകാതെ മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കി എന്ന പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ക്ലാസ് മുറിയിലെ പിൻബഞ്ചിലിരുന്ന വിദ്യാർഥിനിയായ അനന്യയാണ് പോളിത്തീൻ കവർ നിറയെ നായ്ക്കുരണ പൊടി കൊണ്ടുവന്നത്. സുഹൃത്തുക്കൾ വഴി കൈമാറുന്നതിനിടയിൽ തന്‍റെ ദേഹത്തേക്ക് അത് വീഴുകയായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു.
എന്താണു സംഭവിച്ചത് എന്നറിയാതെ അവരോട് കാര്യം തിരക്കിയപ്പോൾ പെട്ടെന്ന് വാഷ്‌റൂമിൽ പോയി ഫ്രഷാവാൻ പറഞ്ഞു. സുഹൃത്തുക്കൾ തന്നെ സോപ്പൊക്കെ നൽകുകയും ചെയ്തു. വാഷ് റൂമിലെത്തി കുളിച്ചപ്പോഴെക്കും കൈയിലെ തൊലിയൊക്കെ അടർന്നുപോയിരുന്നു. പിന്നീട് ചൊറിച്ചിൽ സഹിക്കാൻ പറ്റാതെയായ പെൺകുട്ടി അവശനിലയിലാവുകയായിരുന്നു.
"ലാക്ടോ കലാമിന്‍റെ ലോഷൻ വാങ്ങാമെന്ന് പറഞ്ഞ് സുഹൃത്തുക്കൾ ചേർന്ന് രാജി ടീച്ചറുടെ അടുത്തേക്ക് പോയി. എന്നാൽ ടീച്ചറോട് പിരീഡ്‌സ് ആണെന്നാണ് അവർ പറഞ്ഞത്. ടീച്ചർ എന്‍റെയടുത്ത് വന്നപ്പോൾ പൂർണ നഗ്നയായാണ് ഞാൻ നിന്നത്. സംഭവിച്ചത് എന്താണെന്ന് പറയാതെ ടീച്ചർ അമ്മയെ വിളിച്ച് ഡ്രസ് കൊണ്ടുവരാൻ പറഞ്ഞു. ടീച്ചർ വീട്ടുകാരോട് കാര്യം പറഞ്ഞിരുന്നെങ്കിൽ എന്‍റെ ശരീരത്തിൽ കയറ്റിയ മരുന്നുകളുടെ എണ്ണം കുറക്കാൻ പറ്റിയേനെയെന്ന് ചിന്തിച്ച് പോയി", പെൺകുട്ടി പറഞ്ഞു.
ഹെഡ്മിസ്ട്രസ് ഇൻ ചാർജിലുള്ള ജിഷ ടീച്ചർ വിവരം അറിഞ്ഞിട്ടും ശരീരം മറയ്ക്കാൻ ഒരു ടവ്വൽ പോലും കൊണ്ടു തന്നില്ല. അത്രക്കും ക്രൂരമായാണ് അധ്യാപകർ പെരുമാറിയത്. 12 തീയതി വരെ ക്ലാസിൽ പോയിരുന്നു. അപ്പോഴും ജിഷ ടീച്ചർ മോശമായാണ് പെരുമാറിയതെന്നും പെൺകുട്ടി വെളിപ്പെടുത്തി. സ്വാകാര്യ ഭാഗത്തുൾപ്പെടെ നായ്ക്കുരണ പൊടി ആയതോടെ ആരോഗ്യ നില വഷളാവുകയും, അണുബാധ ഉണ്ടാകുകയും, രണ്ടാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിൽ തുടരുകയും ചെയ്തു.
പത്താം ക്ലാസ് പരീക്ഷ നടക്കുന്നതിനാൽ പരീക്ഷ കഴിഞ്ഞതിനു ശേഷം ആരോപണ വിധേയരായ കുട്ടികളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പൊലീസ് നടപടി എടുക്കാത്തതിനെത്തുടർന്ന് ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള പ്രതിഷേധങ്ങൾ നടന്നിരുന്നു.