
അമ്പലപ്പുഴ: ഓൺലൈൻ ജോലി ചെയ്തു പണം ഉണ്ടാക്കാമെന്ന് പറഞ്ഞു ചാർട്ടേർഡ് അക്കൗണ്ടന്റ് വിദ്യാർത്ഥിയെ ചതിച്ചു 8 ലക്ഷം രൂപ തട്ടിയെടുത്ത പ്രതികളിൽ ഒരാൾ അറസ്റ്റിൽ.
ഓൺലൈൻ ജോബ് സർവീസ് നടത്തുന്ന സ്ഥാപനത്തിന്റെ ഹെഡ് ആളാണെന്നും ഓൺലൈൻ ജോബ് ചെയ്തു വരുമാനം ഉണ്ടാക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു അമ്പലപ്പുഴ സ്വദേശി ആയ ചാർട്ടേർഡ് അക്കൗണ്ടന്റ് വിദ്യാർത്ഥിയുടെ 7.97 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാൾ കൂടി ആലപ്പുഴ സൈബർ ക്രൈം പൊലീസിന്റെ പിടിയിലായി. മലപ്പുറം നിലംബൂർ ജനതപ്പടി സ്വദേശി താന്നിക്കൽ ഹൗസിൽ ഷമീർ (42) നെ ആണ് നിലംബുരിൽ നിന്ന് ആലപ്പുഴ ഡി.സി.ആർ.ബി ഡി.വൈ.എസ്. പി കെ.എൽ. സജിമോന്റെ നിർദ്ദേശ പ്രകാരം സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ എലിയാസ് പി ജോർജിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ശരത് ചന്ദ്രൻ വി.എസ് , സീനിയർ സിവിൽ പോലീസ് ഓഫീസർ നെഹൽ.എസ്, സിവിൽ പോലീസ് ഓഫീസർമാരായ ജേക്കബ് സേവിയർ, അജിത്.എ.എം എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. നവംമ്പർ 21 മുതൽ ആണ് അമ്പലപ്പുഴ സ്വദേശി ചതിയിൽ പെട്ടത്. മെസ്സഞ്ചർ ആപ്ലിക്കേഷനിലൂടെ മലയാളി ആണെന്ന് പരിചയപ്പെടുത്തി ആണ് ബന്ധപ്പെട്ടത്. തുടർന്ന് ഓൺലൈൻ ജോബ് ചെയ്യുന്നതിനായി ലിങ്ക് അയച്ചു കൊടുക്കുകയും അതിലൂടെ ഒരു വെബ് സൈറ്റിൽ പ്രവേശിക്കുയും ചെയ്തു.
അതിൽ അമ്പലപ്പുഴ സ്വദേശിയെ കൊണ്ട് യൂസർ നെയിം, പാസ്സ്‌വേർഡ് എന്നിവ ക്രിയേറ്റ് ചെയ്യിപ്പിച്ചതിനു ശേഷം പണം അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. പ്രതികൾ അയച്ചു നൽകിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് അമ്പലപ്പുഴ സ്വദേശി പണം അയച്ചു നൽകുകയും ചെയ്തു. ഡിസംബർ 5 വരെ പ്രതികളുടെ 4 അക്കൗണ്ടുകളിലേക്കായി മൊത്തം 7.97 ലക്ഷം രൂപ ആണ് അമ്പലപ്പുഴ സ്വദേശി അയച്ചു നൽകിയത്. ഓരോ തവണയും പണം അയച്ചു നൽകിയപ്പോൾ വിർച്വൽ അക്കൗണ്ടിൽ പണവും കമ്മീഷൻ തുകയും കാണിച്ചു കൊണ്ടിരുന്നു. തുടർന്ന് കമ്മീഷനുൾപ്പെടെ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ഗോൾഡൻ ഓഫർ, എക്സ്ക്ലൂസീവ് ഓഫർ എന്നിവ ഉണ്ടെന്നും അത് കൂടെ ലഭിച്ചതിനു ശേഷം പണം പിൻവലിക്കുന്നതായിരിക്കും ഉത്തമം എന്നും പ്രതികൾ അറിയിച്ചു. തുടർന്ന് അമ്പലപ്പുഴ സ്വദേശി കൂടുതൽ തുക അടച്ചു പണം വീണ്ടും പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ക്രെഡിറ്റ് സ്കോർ കുറവാണെന്നും അത് കൊണ്ട് വീണ്ടും 4 ലക്ഷം രൂപ കൂടി അയച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. അപ്പോഴാണ് ചാർട്ടേർഡ് അക്കൗണ്ടന്റ് വിദ്യാർത്ഥി ആയ അമ്പലപ്പുഴ സ്വദേശിക്കു ചതിക്കപ്പെട്ട വിവരം മനസിലായത്