നിലമ്പൂർ: വാട്സാപ്പിലൂടെ ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഘം അറസ്റ്റിൽ. എടക്കരയിലെ വ്യാപാര സ്ഥാപനമായ ലൈറ്റ് പാലസിൽ നിന്ന് ആനക്കൊമ്പുകളും പിടിച്ചെടുത്തു. ഇത് വനം റെയ്ഞ്ച് ഓഫിസർക്ക് കൈമാറി. നെടുങ്കയം വനം സ്റ്റേഷൻ പരിധിയിലെ ആദിവാസി നഗറിലുള്ളയാളാണ് കൊമ്പുകൾ കൈമാറിയതെന്ന് കട ഉടമ മൂത്തേടം കാരപ്പുറം അടുക്കത്ത് കബീർ മൊഴി നൽകിയിട്ടുണ്ട്. കരിമ്പുഴ വന്യജീവി സങ്കേതത്തിൽ ചെരിഞ്ഞ ആനയുടെ കൊമ്പുകൾ ആണിതെന്നാണ് നിഗമനം.
ആറു മാസത്തിലേറെയാണ് കബീർ കൊമ്പുകൾ കടയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീട് ഇടനിലക്കാർ മുഖേന തൃശൂർ സ്വദേശിക്ക് വിൽക്കാൻ ശ്രമിച്ചു. 31 കിലോഗ്രാം രണ്ട് കൊമ്പുകൾക്കായി 20 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. ഇടനിലക്കാരിൽ ഒരാൾ ആനക്കൊമ്പുകൾ വിൽപ്പനയ്ക്കുണ്ടെന്ന് വാട്സാപ്പിൽ സ്റ്റാറ്റസിട്ടതാണ് സംഘത്തെ കുടുക്കിയത്.
സ്റ്റാറ്റസിന്‍റെ സ്ക്രീൻ ഷോട്ട് ലഭിച്ചതിനെത്തുടർന്ന് ഡിആർഐ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ പിടിച്ചെടത്തത്.