രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദി രാജേഷാണ് എന്നാരോപിക്കുന്ന പോസ്റ്ററുകൾക്ക് പിന്നിലാരെന്ന് വ്യക്തതയില്ല. എന്നാൽ ഉന്നം പുതിയ പുനസംഘടനയിൽ രാജേഷിന് കിട്ടാനുള്ള പദവിയാണെന്ന് ഉറപ്പ്. അതിന് തടയിടുകയും പുതിയ സംസ്ഥാന പ്രസിഡൻ്റിന് അലോസരം ഉണ്ടാക്കുകയുമാണ് ഉദ്ദേശ്യമെന്ന് വ്യക്തം. സ്വാഭാവികമായും തിരുവനന്തപുരത്തെ പാർട്ടിയിലെ രാജേഷിൻ്റെ എതിരാളികൾ തന്നെയാണ് സംശയനിഴലിൽ. പാർട്ടിക്ക് പുറത്തു നിന്നാരും ആകില്ലെന്ന് പാർട്ടിക്കാരും ഉറപ്പിക്കുന്നുണ്ട്. രാജീവ് ചന്ദ്രശേഖറിന് വായിച്ച് മനസിലാക്കാനായി ഇംഗ്ലീഷിലും പോസ്റ്റർ അടിച്ചിറക്കിയതിൽ നിന്ന് തന്നെ ഇക്കാര്യം ഉറപ്പിക്കാം.
ബിജെപി പ്രതികരണ വേദിയെന്നും BJP reaction platform എന്നുമൊക്കെയുള്ള പേരുകളാണ് പോസ്റ്ററുകൾക്ക് കീഴിൽ ചേർത്തിട്ടുള്ളത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ പണം വാങ്ങി രാജേഷ് കോൺഗ്രസിന് വേണ്ടി വോട്ട് മറിച്ചു, അനധികൃതമായി സ്വത്ത് സമ്പാദിച്ചു, ഇവയിൽ ഇഡി അന്വേഷണം വേണം, രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പോസ്റ്ററിൽ ഉള്ളത്. തിരുവനന്തപുരം തമ്പാനൂരിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ എതിർവശത്താണ് പോസ്റ്ററുകൾ ആദ്യം കണ്ടത്. പാർട്ടി ജില്ലാ കമ്മറ്റി ഓഫീസിനും സമീപത്തും കൂടാതെ വിവി രാജേഷിൻ്റെ വഞ്ചിയൂരിലെ വീടിന് സമീപത്തും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.