പാക്കിസ്ഥാന്‍റെ മതഭ്രാന്ത ചിന്താഗതി മാറ്റാൻ ഇന്ത്യയ്ക്കു കഴിയില്ല: വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ


ന്യൂഡൽഹി: പാക്കിസ്ഥാന്‍റെ മതഭ്രാന്ത ചിന്താഗതി മാറ്റാൻ ഇന്ത്യയ്ക്കു കഴിയില്ലെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ന്യൂനപക്ഷങ്ങൾക്കു നേരേ നടക്കുന്ന ആക്രമണങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നമ്മുടെ നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്.

പക്ഷേ, പാക്കിസ്ഥാന്‍റെ മതഭ്രാന്തമായ ചിന്താഗതി മാറ്റാൻ നമുക്കൊന്നും ചെയ്യാനാവില്ല. ശൂന്യവേളയിൽ ലോക്സഭയിൽ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാനിൽ കഴിഞ്ഞ മാസം ഹിന്ദുക്കൾക്കെതിരേ 10 ആക്രമണങ്ങളുണ്ടായി. ഇതിൽ ഏഴും തട്ടിക്കൊണ്ടുപോയി നിർഹബന്ധിത മതപരിവർത്തനത്തിനു വിധേയമാക്കുന്നതു സംബന്ധിച്ചായിരുന്നു.

രണ്ടു കേസുകൾ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ടത്. വിദ്യാർഥികൾ ഹോളി ആഘോഷിച്ചതിനെതിരായ പൊലീസ് നടപടിയായിരുന്നു മറ്റൊന്ന്. സിഖുകാർക്കെതിരേ മൂന്ന് ആക്രമണങ്ങളുണ്ടായി.

അതിലൊരെണ്ണം സിഖ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതപരിവർത്തനം ചെയ്യിച്ചതായിരുന്നു. അഹമ്മദീയ വിഭാഗത്തിനെതിരേ രണ്ട് ആക്രമണങ്ങളും ക്രൈസ്തവ വിഭാഗത്തിനെതിരേ ഒരു ആക്രമണവുമുണ്ടായി.

ബംഗ്ലാദേശിൽ കഴിഞ്ഞവർഷം ന്യൂനപക്ഷങ്ങൾക്കെതിരേ 2400 ആക്രമണങ്ങളാണുണ്ടായത്. ഈ വർഷം ഇതുവരെ 72 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതുവലിയ ആശങ്കയാണുണ്ടാക്കുന്നതെന്നും അദ്ദേഹം.
أحدث أقدم