യാത്രയ്ക്കിടെ തീവണ്ടിയിൽ നിന്ന് തെറിച്ച് വീണു; ആലപ്പുഴ സ്വദേശി ഗുരുതരാവസ്ഥയില്‍



അമ്പലപ്പുഴ: യാത്രയ്ക്കിടെ തീവണ്ടിയിൽ നിന്ന് തെറിച്ച് വീണ ആലപ്പുഴ സ്വദേശി ഗുരുതരാവസ്ഥയില്‍. നെയ്യാറ്റിന്‍കര ഉച്ചക്കട തുണ്ടത്തുവീട്ടില്‍ വി. വിനീത് (33) ആണ് അപകടത്തില്‍പ്പെട്ടത്. തീവണ്ടി യാത്രയ്ക്കിടെ പാളത്തിലേക്ക് തെറിച്ച് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. എങ്ങനെയാണ് യുവാവ് തീവണ്ടിയില്‍നിന്ന് വീണത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു. തീവണ്ടിയുടെ വാതിലിന്റെ സൈഡിൽ നിന്നപ്പോൾ യുവാവ് തെറിച്ച് പാളത്തിലേക്ക് വീണതാകാമെന്ന് യുവാവിന്റെ കുടുംബം പറയുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നേകാലോടെ തീരദേശപാതയില്‍ ആലപ്പുഴയ്ക്കും അമ്പലപ്പുഴയ്ക്കും ഇടയില്‍ നീര്‍ക്കുന്നത്താണ് അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ മാവേലി എക്‌സ്പ്രസില്‍ നിന്നാണ് വിനീത് വീണത്. റെയില്‍വെ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേതുടർന്ന് പോലീസ് തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.

യുവാവ് മടങ്ങി വരുമെന്ന പ്രതീക്ഷയിൽ പോലീസും കുടുംബവും കാത്തിരുന്നു. എന്നാൽ പിറ്റേന്ന് രാവിലെ ഏഴു മണിയോടെ അതുവഴി നടന്നുപോയ സ്ത്രീ പാളത്തിനരികില്‍ വീണുകിടക്കുന്ന നിലയില്‍ യുവാവിനെ കാണുകയായിരുന്നു. ഉടന്‍തന്നെ ഇവർ പോലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് വൈകാതെ വിനീതിനെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന വിനീത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. യുവാവ് ആരോഗ്യ സ്ഥിതി വീണ്ടെടുത്താൽ മാത്രമേ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് പറയാനാകൂ എന്ന് പോലീസ് പറഞ്ഞു.

أحدث أقدم