സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ കേന്ദ്രം

 
 

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. 

2025 മാർച്ച് 07 മുതൽ 09 വരെ തീയതികളിൽ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും താപനില വർധിച്ചേക്കും. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C യാണ് വർധിക്കുക. സാധാരണയെക്കാൾ 2 – 3°C കൂടുതലാണിത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2025 മാർച്ച് 07 മുതൽ 09 വരെ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. 

ചൂട് കൂടുന്നതോടെ തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. അതിനാൽ തന്നെ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

أحدث أقدم