ഈരാറ്റുപേട്ട: വൻതോതിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കൽ ഭാഗത്ത് പാറയിൽ വീട്ടിൽ ഇർഷാദ് പി.എ(50) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം സ്ഫോടക വാസ്തുക്കളുമായി വണ്ടൻമേട് പോലീസ് ഈരാറ്റുപേട്ട സ്വദേശിയായ ഷിബിലിയെ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇർഷാദ് നടക്കൽ കുഴിവേൽ ഭാഗത്തുള്ള തന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് ഷിബിലിക്ക് കൊടുത്തിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞദിവസം ഈരാറ്റുപേട്ട പോലീസ് നടത്തിയ പരിശോധനയിൽ ഇവിടെനിന്നും 2604 ജലാറ്റിൻ സ്റ്റിക്കുകൾ, 18,999 ഡിറ്റണേറ്ററുകളും, 3350 മീറ്റർ സേഫ്റ്റി ഫ്യൂസുകളും, ഒരു എയർഗൺ തുടങ്ങിയവ പിടിച്ചെടുക്കുകയും, തുടർന്ന് ഇർഷാദിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.ഐ ബിനു വി.എൽ, സന്തോഷ് കുമാർ.എൻ, ടോജൻ എം.തോമസ്, ആന്റണി മാത്യു,ഗിരീഷ്, സി.പി.ഓ ശ്രീരാജ് വി.ആർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഈരാറ്റുപേട്ടയിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ അറസ്റ്റിൽ.
Jowan Madhumala
0