അബുദാബി ഗാലക്സി മിൽക്കി
വേ കാണാൻ അബുദാബി അൽഖുവയിലേക്കു പോയ അഞ്ചംഗ സംഘത്തിന്റെ വാഹനം മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. 4 പേർ പരുക്കുകളോടെ രക്ഷപ്പെട്ടു. തിരുവനന്തപുരം പനയറ ചെമ്മറുത്തി സ്വദേശി ശരത് ശശിധരൻ (37) ആണ് മരിച്ചത്. പരുക്കേറ്റവരിൽ 3 പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. തിരുവനന്തപുരം സ്വദേശിയായ ഒരാൾ ആശുപത്രിയിൽ തുടരുന്നു.
സ്‌റ്റാർ സർവീസ് എൽഎൽസിയിൽ സേഫ്റ്റി ഓഫിസറായിരുന്നു ശരത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളിയാഴ്ച രാത്രി മിൽക്കിവേ കാണാൻ പോകവേ മരുഭൂമിയിലെ കൂരിരുട്ടിൽ ദിശ മാറിയ പജീറോ മണൽകൂനയിൽപെട്ട് കരണം മറിയുകയായിരുന്നു. പലതവണ മറിഞ്ഞ വാഹനത്തിൽനിന്ന് തെറിച്ചുവീണാണ് ശരത് മരിച്ചത്.
ഭാനു ശശിധരന്റെയും ലീലയുടെയും മകനാണ്. ഭാര്യ ജിഷ ശരത്. 2 പെൺകുട്ടികളുണ്ട്. സംസ്കാരം പിന്നീട് നാട്ടിൽ.