
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നാളെ കോടതിയില്‍ ഹാജരാക്കും. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഷുഹൈബ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഷുഹൈബ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്.
അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റിലായ പ്യൂണ്‍ അബ്ദുല്‍ നാസറിനെ സസ്പെന്റ് ചെയ്തുവെന്ന് മഅ്ദിന്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ അറിയിച്ചു. അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. എല്ലാവിധ അന്വേഷണത്തെയും പിന്തുണക്കുമെന്നും മഅ്ദിന്‍ സ്‌കൂള്‍ വ്യക്തമാക്കി.
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തിയത് അബ്ദുല്‍ നാസറാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എംഎസ് സൊല്യൂഷ്യന്‍സ് അധ്യാപകന്‍ ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് ഇയാളാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. അബ്ദുള്‍ നാസര്‍ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുമ്പ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധം മുന്‍നിര്‍ത്തിയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയതെന്നാണ് വിവരം.