
എറണാകുളം കുന്നത്തുനാട്ടിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ പാർപ്പിച്ചിരുന്ന വീട്ടിൽ നാട്ടുകാരുടെ പ്രതിഷേധം. പ്രതിഷേധിച്ചെത്തിയ നാട്ടുകാര്‍ മതിലിനോട് ചേര്‍ന്ന് ഷീറ്റുകൊണ്ട് മറച്ച ഭാഗം തകര്‍ത്ത് അകത്തുകയറി. സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി. ഒരു മാസം മുമ്പാണ് പത്തനംതിട്ട സ്വദേശികളായ യുവതിയും സ്ത്രീയുമാണ് വീട് വാടയ്ക്ക് എടുത്തിരുന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കുന്നത്തുനാട് എംഎൽഎ പിവി ശ്രീനിജന്‍റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ സംഘടിച്ചെത്തി പ്രതിഷേധിച്ചത്.
തെരുവില്‍ നിന്ന് നായ്ക്കളെ കൊണ്ടുവന്ന് ജനവാസ മേഖലയിലെ വീട്ടില്‍ കൂട്ടമായി പാര്‍പ്പിച്ചെന്നാണ് പരാതി. ദുര്‍ഗന്ധം സഹിക്കാന്‍ വയ്യാതെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചതെന്ന് പിവി ശ്രീനിജന്‍ എംഎൽഎ പറഞ്ഞു. വീട് വാടകയ്ക്ക് എടുത്ത് 42ഓളം തെരുവുനായ്ക്കളെയാണ് കൂട്ടത്തോടെ വീട്ടിൽ പാര്‍പ്പിച്ചിരുന്നത്. അസഹനീയമായ ദുര്‍ഗന്ധവും നായ്ക്കളുടെ കുരയും കാരണം ജീവിതം ദുസ്സഹമായെന്നും ഇതേതുടര്‍ന്നാണ് പ്രതിഷേധിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു.