ബെംഗളൂരുവിൽ ദുരൂഹത സാഹചര്യത്തിൽ തൊടുപുഴ സ്വദേശി മരിച്ച സംഭവത്തിൽ കാഞ്ഞിരപ്പള്ളി സ്വദേശി പിടിയിൽ



ബെംഗളൂരുവിൽ ദുരൂഹത സാഹചര്യത്തിൽ തൊടുപുഴ സ്വദേശിയായ ലിബിൻ ബേബിയുടെ മരണത്തിൽ കൂടെ താമസിച്ചിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ എബിൻ അറസ്റ്റിൽ. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത എബിന്‍റെ അറസ്റ്റാണ് ബെംഗളൂരു പൊലീസ് രേഖപ്പെടുത്തിയത്. മരിച്ച ലിബിൻ ബേബിയുടെ സുഹൃത്താണ് എബിൻ. എബിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ബെന്നാര്‍ഘട്ട പൊലീസ് കേസെടുത്തിരിക്കുന്നത്. എബിനെ ഇരുവരും താമസിച്ചിരുന്ന മുറിയിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും.


ലിബിന്‍റെ ബന്ധുക്കളടക്കം ബെംഗളൂരുവിലെത്തിയിട്ടുണ്ട്. ലിബിന്‍റെ മരണത്തിൽ ബന്ധുക്കളടക്കം പൊലീസിൽ മൊഴി നൽകും. കഴിഞ്ഞ ശനിയാഴ്ചയാണ് ലിബിൻ കുളിമുറിയിൽ വീണ് പരിക്കേറ്റെന്ന് ബന്ധുക്കൾക്ക് വിവരം കിട്ടിയത്.


തിങ്കളാഴ്ച ലിബിന്‍റെ മസ്തിഷ്ക മരണം സംഭവിച്ചു. തലയിലേറ്റ മുറിവിൽ ആശുപത്രി അധികൃതർ സംശയം  പ്രകടിപ്പിച്ചിരുന്നു. ബംഗളൂരു നിംഹാൻസ് ആശുപത്രിയിൽ നിന്നുളള വിവരമനുസരിച്ച് അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കൂടെ താമസിച്ചിരുന്ന എബിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടെ താമസിച്ചവർ തമ്മിലുളള കയ്യാങ്കളിക്കൊടുവിൽ ലിബിന് പരിക്കേറ്റെന്നാണ് ബന്ധുക്കൾ സംശയിക്കുന്നത്.
أحدث أقدم