തിരുവനന്തപുരം: സുഹൃത്തിന് ലിഫ്റ്റ് നൽകാത്തതിനെ തുടർന്ന് ബൈക്ക് യാത്രികനെ കുത്തി പരുക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വണ്ടിത്തടം സ്വദേശി അനന്തുവിനെയാണ് (19) തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. വണ്ടിത്തടം സ്വദേശി അഭിക്കാണ് (18) കുത്തേറ്റത്.
കഴിഞ്ഞ മാസം 13ന് രാത്രിയായിരുന്നു വിഷയത്തിനാസ്പദമായ സംഭവം. പാച്ചല്ലൂർ ദേവി ക്ഷേത്രത്തിലെ തൂക്ക നേർച്ച കാണുന്നതിനായി അനന്തുവും സുഹൃത്തുകളും വണ്ടിത്തടത്ത് നിന്നും നടന്നു വരുകയായിരുന്നു. ഇതിനിടെ ബൈക്കിൽ വരുകയായിരുന്ന അഭിയോട് തന്‍റെ ഒപ്പമുള്ള യുവതിക്ക് ലിഫ്റ്റ് നൽകണമെന്ന് അനന്തു ആവശ‍്യപ്പെട്ടു. എന്നാൽ പറ്റില്ലെന്ന് മറുപടി നൽകിയ അഭിയെ കൈയിലുണ്ടായിരുന്ന കത്രികയെടുത്ത് അനന്തു കുത്തി പരുക്കേൽപ്പിക്കുകയായിരുന്നു.