'കുടുംബശ്രീയിലും ജാതി വിവേചനമുണ്ട്; നിറത്തിന്റെ പേരില്‍ മുന്‍പും വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ നേരിട്ടു'




കോഴിക്കോട്: നിറത്തിന്റെ പേരില്‍ മുന്‍പും വിവേചനം നേരിട്ടുണ്ടെന്നും അപ്പോഴെല്ലാം വേദനാജനകമായ അനുഭവങ്ങള്‍ മറക്കുകയെന്ന തന്റെ 'ഡിഫന്‍സീവ് മെക്കാനിസ'ത്തിലൂടെയാണ് അതിജീവിച്ചതെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. നിറത്തിന്റെ പേരില്‍ അപമാനം നേരിട്ടത് ഏറെ വേനദിപ്പിച്ചെന്നും അവര്‍ പറഞ്ഞു. കോഴിക്കോട് കിര്‍ത്താഡ്‌സില്‍ നടന്ന ദേശീയ ഗോത്ര സാഹിത്യോത്സവ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ശാരദ മുരളീധരന്‍.

'കേരളത്തിലും ഇന്ത്യയിലുടനീളവും കറുപ്പ് പലപ്പോഴും അപമാനിക്കപ്പെടുന്നു. കറുത്തവരെ താഴ്ന്ന ജാതിയില്‍ നിന്നുള്ള തൊഴിലാളികളായാണ് കാണുന്നത്. കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ പോലുള്ള വനിതാ സ്വയം സഹായ സംഘങ്ങളിലും ജാതി വിവേചനം നടന്നിട്ടുണ്ട്. കുടുംബശ്രീ മിഷന്റെ ചുമതലയുണ്ടായിരുന്ന സമയത്ത് വയനാട്ടിലെയും കോഴിക്കോടും ഉള്ള ആദിവാസി മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. തൊഴിലാളികളുമായി ഇടപഴകുമ്പോള്‍, സ്ത്രീ ശാക്തീകരണ ഗ്രൂപ്പുകള്‍ക്കുള്ളില്‍ പോലും ജാതി വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഉയര്‍ന്ന ജാതിക്കാരായ സ്ത്രീകള്‍ പലപ്പോഴും അയല്‍ക്കൂട്ടങ്ങള്‍ക്കായി ആദിവാസി സ്ത്രീകളുടെ വീടുകളില്‍ പോകാന്‍ തയാറായിരുന്നില്ല' ശാരദ മുരളീധരന്‍ പറഞ്ഞു.

'ആഫ്രിക്കയില്‍ നിന്നുള്ളവര്‍ അജ്ഞരും സംസ്‌കാരമില്ലാത്തവരുമാണെന്ന ഒരു വിശ്വാസം സമൂഹത്തിലുണ്ട്. ആഫ്രിക്കക്കാരുമായി അടുത്ത ജനിതക ബന്ധം പങ്കിടുന്ന ദ്രാവിഡരെന്ന നിലയില്‍ നമ്മളും സമാനമായ വിവേചനം നേരിടുന്നു. എന്നിരുന്നാലും, മനുഷ്യരാശിയുടെ പൂര്‍വ്വികനായ 'ലൂസി' ഇരുണ്ട നിറമുള്ളവനും ഉയരം കുറഞ്ഞവനുമായിരുന്നു' ശാരദ മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ശാദയുടെയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ചുള്ള കമന്റുകളില്‍ ശാരദ ഫെയ്ബുക്ക് കുറിപ്പുമായി രംഗത്തെത്തിയിരുന്നു.

ദലിത് ആക്ടിവിസ്റ്റും അഭിഭാഷകയുമായ ബിന്ദു അമ്മിണിയും ചര്‍ച്ചയില്‍ പങ്കെടുത്തു. 'ഉയര്‍ന്ന പദവി വഹിക്കുന്ന ശാരദ മുരളീധരനെ പോലുള്ളവര്‍ വര്‍ണ വിവേചനം നേരിടുന്നത് വളരെ ആശങ്കാജനകമാണ്. ഇതാണ് യാഥാര്‍ത്ഥ്യമെങ്കില്‍, കറുത്ത ചര്‍മ്മമുള്ള ഒരു സാധാരണ സ്ത്രീയുടെ പോരാട്ടങ്ങള്‍ നാം പരിഗണിക്കണം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാംസ്‌കാരികമായി ഉയര്‍ന്നതായി കണക്കാക്കപ്പെടുന്ന നമ്മുടെ സംസ്ഥാനത്തെ വര്‍ണ വിവേചനത്തെ ക്കുറിച്ച് ശാരദ ഒരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടത് അഭിനന്ദനീയമാണെന്ന് ബിന്ദു അമ്മിണി പറഞ്ഞു.
أحدث أقدم