വിതുരയില്‍ പതിനാറുകാരനെ ക്രൂരമായി മര്‍ദിച്ചത് ഉറ്റസുഹൃത്തുക്കള്‍...



വിതുരയില്‍ പതിനാറുകാരനെ ക്രൂരമായി മര്‍ദിച്ചത് ഉറ്റസുഹൃത്തുക്കള്‍. തന്റെ കൂടെ പഠിച്ചവരാണ് മര്‍ദിച്ചതെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്. പത്താം ക്ലാസ് വരെ തങ്ങള്‍ ഒരുമിച്ചാണ് പഠിച്ചത്. അവന്മാരില്ലാതെ താന്‍ എവിടെയും പോകില്ലായിരുന്നു. അത്രയ്ക്ക് കൂട്ടായിരുന്നുവെന്നും വിദ്യാര്‍ത്ഥി പറയുന്നു.

സുഹൃത്തായ പെണ്‍കുട്ടിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയെന്ന് പറഞ്ഞായിരുന്നു മര്‍ദനമെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ആ പെണ്‍കുട്ടിയെ വഴിയില്‍ കണ്ടുള്ള പരിചയം മാത്രമേ തനിക്കുള്ളൂ. വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി വാഴത്തോട്ടത്തില്‍ എത്തിച്ചായിരുന്നു മര്‍ദനം. അടികൊണ്ട് തലകറങ്ങുന്ന പോലെ തോന്നി. അനുജനേയും അവര്‍ തല്ലി. അവന്റെ നിലവിളി കേട്ട് ഒരാള്‍ വന്നതോടെ അവര്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

കഴിഞ്ഞ പതിനാറിനായിരുന്നു സംഭവം നടന്നത്. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന ഭീഷണിയുണ്ടായിരുന്നതിനാല്‍ വിദ്യാര്‍ത്ഥി സംഭവം ആരോടും പറഞ്ഞില്ല. ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അക്രമികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോ ആക്രമണത്തിന് ഇരയായ വിദ്യാര്‍ത്ഥിയുടെ അമ്മയ്ക്ക് ഷെയര്‍ ചെയ്ത് ലഭിച്ചു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥിയുടെ അമ്മ ആര്യനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയിരുന്നു. ഇവരെ നാളെ കെയര്‍ ഹോമിലേക്ക് മാറ്റും.

أحدث أقدم