വോട്ടുകള്‍ ബിജെപിയിലേക്ക് ചോരുന്നുസിപിഎം സംസ്ഥാന സമ്മേളനത്തിൽ റിപ്പോർട്ട്





കൊല്ലം: ബിജെപിയിലേക്ക് സിപിഎം വോട്ടുകള്‍ ചോരുന്നുവെന്ന് സംസ്ഥാന സമ്മേളനത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ പ്രവർത്തന റിപ്പോർട്ട്. ഈ ചോർച്ച ഗൗരവമായി കാണണം. പാർലമെന്‍റ് തെരഞ്ഞെടുപ്പു സമയത്ത് ജില്ലാ കമ്മിറ്റികൾ നൽകിയ അവലോകന റിപ്പോർട്ടുകൾ തെറ്റിപ്പോയി. ബിജെപിയുടെ കടന്നുവരവ് തിരിച്ചറിയാൻ കഴിഞ്ഞില്ല. ജനങ്ങളുമായുള്ള ബന്ധത്തിലെ പോരായ്മ പരിഹരിക്കണം. സംഘടനാ തലത്തിൽ അടിമുടി തിരുത്തല്‍ വേണം. ജമാ അത്തെ ഇസ്‌ലാമിയുടെയും ക്രിസ്ത്യൻ സംഘടനയായ "കാസ'യുടെയും പ്രവർത്തനം പ്രതിരോധിക്കണം റിപ്പോർട്ടിൽ പറയുന്നു. ഇനിയും കോൺഗ്രസിൽ നിന്ന് സിപിഎമ്മിലേക്ക് ആളു വരും. പാലക്കാട്ട് ഡോ. സരിനെ ഉപയോഗിച്ചുള്ള പരീക്ഷണം വിജയമാണ്. പി.വി. അൻവറിനെ പോലെയുള്ള സ്വതന്ത്രരെ പാർട്ടിയിലേക്ക് അടുപ്പിക്കുമ്പോൾ ശ്രദ്ധ വേണം.

സഹകരണ ബാങ്ക് ക്രമക്കേടിനെ കുറിച്ച് റിപ്പോർട്ടിൽ പ്രത്യേക ‌പരാമർശങ്ങളുണ്ട്. പാർട്ടി നേതാക്കളും അംഗങ്ങളും വൻതുക വായ്പ എടുത്ത് തിരിച്ചടയ്ക്കാത്തത് ബാങ്കുകളെ പ്രതിസന്ധിയിലാക്കി. കോടികളുടെ ബാധ്യത പല ബാങ്കുകൾക്കുമുണ്ട്. വായ്പ തിരിച്ചടയ്ക്കണമെന്ന സർക്കുലർ പലരും കണക്കിലെടുക്കുന്നില്ല. സാമ്പത്തിക ക്രമക്കേട് പാർട്ടി പ്രതിച്ഛായക്കും കളങ്കമാണ്. വലിയ തുക വായ്പ എടുക്കുന്ന അംഗങ്ങൾ ഉപരി കമ്മിറ്റിയുടെ അംഗീകാരം വാങ്ങണമെന്നും കരുവന്നൂർ സഹകരണ ബാങ്ക് പ്രതിസന്ധി ഉൾപ്പെടെയുള്ളവയുടെ പശ്ചാത്തലത്തിൽ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയനെ റിപ്പോര്‍ട്ടിൽ പ്രശംസിക്കുന്നു. സെക്രട്ടറിയേറ്റ് അംഗങ്ങളെ പ്രത്യേകം പരാമര്‍ശിച്ച് അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയിട്ടുണ്ട്. അതിലാണ് ഒന്നാമതുള്ള മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചത്. അദ്ദേഹം ഭരണത്തിരക്കുകള്‍ക്കിടയിലും സംഘടനാ കാര്യങ്ങളില്‍ പാര്‍ട്ടിയെ സഹായിക്കുന്നു. സംഘടനാ കാര്യങ്ങളിലും ഭരണകാര്യങ്ങളിലും ഒരുപോലെ ശ്രദ്ധിക്കുന്നു- മുഖ്യമന്ത്രിയുടെ പ്രവർത്തനത്തെ സംബന്ധിച്ച് നിരീക്ഷിച്ചു.മന്ത്രി സജി ചെറിയാന് പ്രസംഗത്തിലും മാധ്യമങ്ങളോടുള്ള പ്രതികരണത്തിലും ശ്രദ്ധയില്ല. അത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നു. സിപിഎം സെക്രട്ടറിയേറ്റ് അംഗം എന്ന നിലയില്‍ ഇ.പി. ജയരാജന്‍റേത് മോശം പ്രകടനമാണ്. യോഗങ്ങളില്‍ പോലും പങ്കെടുക്കാറില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനു ശേഷം സജീവമല്ലായിരുന്നു.


പാര്‍ട്ടിയില്‍ മോശം പ്രവണത വര്‍ദ്ധിക്കുന്നു. അച്ചടക്കം ലംഘിക്കപ്പെടുന്ന സംഭവങ്ങളുമുണ്ട്. തിരുത്തല്‍ വരുത്തിയില്ലെങ്കില്‍ വലിയ അപകടമുണ്ടാകും. സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ തുടര്‍ ഭരണം സാധ്യമാകൂ എന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകി. പ്രവർത്തന റിപ്പോർട്ടിനു ശേഷം വൈകുന്നേരം മുഖ്യമന്ത്രി "നവകേരളത്തിനുള്ള പുതുവഴികൾ' എന്ന വികസനരേഖ അവതരിപ്പിച്ചു. അതിനു ശേഷം പ്രതിനിധികൾ ഗ്രൂപ്പ് ചർച്ച ആരംഭിച്ചു. ഈ ചർച്ചയിലാണ് ആരൊക്കെ പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ പങ്കെടുക്കണമെന്ന തീരുമാനം. അവർ ഓരോരുത്തരും ഏതൊക്കെ ഭാഗം അവതരിപ്പിക്കണം, അത് എന്തൊക്കെയാവണം എന്ന് ഓരോ ജില്ലയിലെയും പ്രതിനിധികളടങ്ങിയ ഗ്രൂപ്പുകൾ ചർച്ചയിൽ തീരുമാനിച്ചതാവും ഇന്ന് പൊതു ചർച്ചയിൽ പ്രതിനിധികൾ ഉന്നയിക്കുക.


أحدث أقدم