മികച്ച നേട്ടം കൈവരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള 'ഗവേണൻസ് നൗ പിഎസ്‌യു' അവാർഡിൽ കെഎസ്ആർടിസിയും...



തിരുവനന്തപുരം: മികച്ച നേട്ടം കൈവരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള 'ഗവേണൻസ് നൗ പിഎസ്‌യു' അവാർഡിൽ കെഎസ്ആർടിസിയും. ഡൽഹിയിലെ എയ്റോസിറ്റി ഹോളിഡേ ഇന്നിൽ നടത്തിയ 11ാമത് ഗവേണൻസ് നൗ പിഎഎസ്‌യു അവാർഡ്ദാന ചടങ്ങിൽ കേന്ദ്രമന്ത്രി സതീഷ് ചന്ദ്ര ദുബെയിൽ നിന്ന് കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ പുരസ്കാരം ഏറ്റുവാങ്ങി.

നേതൃത്വത്തിനുള്ള പിഎസ്‌യു ലീഡർഷിപ്പ് അവാർഡ്, ഓട്ടോമേഷന്‍റെയും ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെയും മികച്ച ഉപയോഗം എന്നീ വിഭാഗങ്ങളിലാണ് കെഎസ്ആർടിസി തെരഞ്ഞെടുക്കപ്പെട്ടത്. നേതൃത്വത്തിലും സാങ്കേതിക നവീകരണത്തിലും കെഎസ്ആർടിസി കൈവരിച്ച അഭിമാനകരമായ നേട്ടങ്ങൾക്കുള്ള അംഗീകാരമാണ് ഈ അവാർഡുകളെന്ന് ഗതാഗത വകുപ്പ് ചൂണ്ടിക്കാട്ടി.

ആൻഡ്രോയിഡ് ബേസ്ഡ് ടിക്കറ്റിങ് സൊല്യൂഷൻ സംവിധാനവും ഇ ഓഫിസ് സംവിധാനവും ഉൾപ്പെടെയുള്ള നൂതന പദ്ധതികളാണ് കെഎസ്ആർടിസി അടുത്തിടെ നടപ്പിലാക്കിയ പ്രധാന ഡിജിറ്റൽ സാങ്കേതിക പ്രവർത്തനങ്ങൾ.

സിസിടിവി ക്യാമറ സംവിധാനം ശക്തമാക്കിയതിലൂടെ പ്രധാന ഡിപ്പൊകളിൽ സുരക്ഷയും നിരീക്ഷണവും വർധിപ്പിച്ചു.

ഫിംഗർ പ്രിന്‍റ് മെഷീനുകൾ സ്പാർക്ക് അപ്ലിക്കേഷനുമായി സംയോജിപ്പിച്ച് ശമ്പള വിതരണം, ഓൺലൈൻ കൺസഷൻ സിസ്റ്റം വഴി വിദ്യാർഥികളുടെ കൺസഷൻ നടപടികൾ എന്നിവ ലളിതമാക്കി. ഗൂഗിൾ ട്രാൻസിറ്റ് സംയോജനത്തിലൂടെ യാത്രക്കാർക്ക് നാവിഗേഷനും ഷെഡ്യൂൾ ട്രാക്കിങ്ങും മെച്ചപ്പെടുത്തി. റെന്‍റൽ മാനെജ്മെന്‍റ് സിസ്റ്റം വഴി എസ്റ്റേറ്റ് വിഭാഗം പണമിടപാടുകൾ സ്വയംപര്യാപ്തമാക്കി- കോർപ്പറേഷൻ അറിയിച്ചു.
أحدث أقدم