ആലപ്പുഴ: ആലപ്പുഴയിൽ ഗുണ്ടയുടെ പെൺസുഹൃത്തിന് സോഷ്യൽ മീഡിയയിൽ സന്ദേശം ആയച്ചതിൽ യുവാവിന് ക്രൂര മർദനം. ആലപ്പുഴ അരൂക്കുറ്റിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഹലോ എന്ന് ഒരു പെൺകുട്ടിക്ക് സന്ദേശം അയക്കുകയായിരുന്നു. ഇതിൽ പ്രകോപിതനായാണ് അരൂക്കുറ്റി പാലത്തിൽ വച്ച് ഗുണ്ടകൾ തടഞ്ഞുനിർത്തി മർദിച്ചത്.
ശേഷം ഗുണ്ടകൾ ജിബിന്‍റെ ബൈക്കിൽ തന്നെ അരൂക്കുറ്റിക്കടുത്തുളള ഒഴിഞ്ഞ ഒരു വീട്ടിലേക്ക് കൊണ്ടുപോയി കെട്ടിയിട്ട് മർദിക്കുകയായിരുന്നു. മർദനത്തിൽ ജിബിന്‍റെ വാരിയെല്ലൊടിഞ്ഞ് ശ്വാസകോശത്തിന് ക്ഷതമേറ്റിട്ടുണ്ട്.
പ്രഭിജിത് കൂട്ടാളി സിന്തൽ എന്നിവർ ചേർന്നാണ് ജിബിനെ മർദിച്ചതെന്നാണ് മൊഴി. മർദനത്തിന് ശേഷം ഗുണ്ടകൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് ബോധം വന്നപ്പോൾ ജിബിൻ തന്നെ രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് സുഹൃത്തുകളെ വിളിക്കുകയും അവിടെ നിന്ന് ആശുപത്രിയിൽ എത്തുകയുമായിരുന്നു. വണ്ടാനം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ് ജിബിൻ.
മർദനത്തിൽ നട്ടെല്ല് ഒടിഞ്ഞ് ആന്തരികാവയവങ്ങളിലേക്ക് കയറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.