കുവൈത്തിൽ വാഹനങ്ങൾ മോഷ്ടിച്ച് സ്പെയർ പാർട്സാക്കി വിൽക്കുന്ന പുരുഷനും സ്ത്രീയും പിടിയിൽ. വാഹനങ്ങളുടെ പ്രധാന ഭാഗങ്ങൾ വിൽക്കുകയും ശേഷിക്കുന്നവ മാലിന്യം നിക്ഷേപിക്കുന്നിടത്ത് ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു ഇവരുടെ രീതി.



കുവൈത്ത് സിറ്റി കുവൈത്തിൽ വാഹനങ്ങൾ മോഷ്‌ടിച്ച് അവയുടെ ഭാഗങ്ങൾ വിൽപന നടത്തുന്ന സ്ത്രീയും പുരുഷനും അറസ്‌റ്റിൽ. ഫർവാനിയ ഗവർണറേറ്റിലെ കുറ്റാന്വേഷണ വിഭാഗമാണ് ഇവരെ പിടികൂടിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 22 വാഹനങ്ങൾ ഇവർ മോഷ്‌ടിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

15 വാഹനങ്ങളും കൂടാതെ ഒട്ടറെ വാഹനങ്ങളുടെ സ്പെയർ പാർട്സുകളും ഇവരിൽ നിന്ന് കണ്ടെത്തി. പാർക്കിങ് ഏരിയയിൽ നിന്നാണ് ഇവർ പ്രധാനമായും വാഹനങ്ങൾ മോഷ്ടിച്ചിരുന്നത്. വാഹന മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. വാഹനങ്ങളുടെ പ്രധാന ഭാഗങ്ങൾ വിൽക്കുകയും ശേഷിക്കുന്നവ മാലിന്യം നിക്ഷേപിക്കുന്നിടത്ത് ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു ഇവരുടെ രീതി.
മോഷണമാണ് ഇവരുടെ പ്രധാന വരുമാനമാർഗമെന്നും അന്വേഷണത്തിൽ കണ്ടെത്തി. മോഷ്‌ടിച്ച വാഹനങ്ങൾ കുറച്ചുനാൾ ഉപയോഗിച്ച ശേഷമാണ് പൊളിച്ചുവിറ്റിരുന്നത്. പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. കണ്ടെടുത്ത വാഹനങ്ങളും സ്പെയർ പാർട്‌സുകളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

പൊതുസമൂഹത്തിന് ഭീഷണിയുയർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സ്വദേശികളും വിദേശികളും ആഭ്യന്തര മന്ത്രാലയവുമായി സഹകരിക്കണമെന്നും എന്തെങ്കിലും സംശയകരമായ കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 112 എന്ന എമർജൻസി നമ്പറിൽ അറിയിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
أحدث أقدم