നാടിന്‍റെ ആരോഗ്യവും സൗഖ്യവും അന്വേഷിച്ചിറങ്ങി വൈകിട്ട് തിരിച്ചെത്താൻ അനിത കുമാരിക്ക് നാളിതുവരെ വീടുണ്ടായിരുന്നു. തുച്ഛമായ വരുമാനമാണെങ്കിലും അടച്ചുറപ്പുള്ള വീട് മാത്രമായിരുന്നു ആശ്വാസം. ഇനി കയറി ചെല്ലാൻ വീട് ഉണ്ടാകുമോ എന്ന് അനിത കുമാരിക്ക് ഉറപ്പില്ല. ഒരാഴ്ച കഴിഞ്ഞാൽ അനിതകുമാരിയുടെ വീട് കേരള ബാങ്ക് ജപ്തി ചെയ്യും. 2021 ൽ എടുത്ത രണ്ട് ലക്ഷം രൂപയുടെ വായ്പയും പലിശയും എല്ലാം ചേർത്ത് രണ്ട് ലക്ഷത്തി എൺപതിരണ്ടായിരം രൂപ ആയിരിക്കുകയായി.
കേരളബാങ്കിലെ വായ്പമാത്രമല്ല, കാർഷിക വികസനബാങ്കിൽ നിന്നെടുത്ത വായ്പയും മുടങ്ങി. ഗൾഫിൽ നിർമ്മാണ ജോലിക്ക് പോയ ഭർത്താവിൻ്റെ വരുമാനവും തികയുന്നില്ല. മൂന്ന് മക്കളിൽ ഒരാൾക്ക് കാൻസർ രോഗവുമുണ്ട്. ദുരിതക്കടലിൽ നിന്നാണ് കിട്ടുന്ന വരുമാനം കൂട്ടാനായി അനിതകുമാരി സമരത്തിലെത്തുന്നത്. സമരത്തിനെത്തുന്ന പലർക്കും ഇത്തരത്തിലുള്ള ഒരുപാട് അനുഭവങ്ങളാണ് ഉള്ളത്.