വെള്ളം കോരുന്നതിനിടെ യുവതി ആഴമേറിയ കിണറ്റില്‍ വീണു; ജീവൻ രക്ഷിച്ച് പ്രവാസി യുവാവ്



വെള്ളം കോരുന്നതിനിടെ ആഴമേറിയ കിണറ്റില്‍ വീണ യുവതിയുടെ ജീവൻ രക്ഷിച്ച് പ്രവാസി യുവാവ്. ഇരിങ്ങാട്ടിരി ഭവനംപറമ്പ് ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. വാക്കയില്‍ രാമചന്ദ്രന്റെ ഭാര്യ ജിഷയാണ് 40 അടിയിലേറെ താഴ്ചയുള്ള കിണറ്റില്‍ വീണത്. വെള്ളം കോരുന്നതിനിടെ ജിഷ ചവിട്ടിനിന്ന ആള്‍മറയില്ലാത്ത കിണറ്റിന്‍ കരയിലെ ദ്രവിച്ച മരത്തടി മുറിയുകയായിരുന്നു. ആഴമുള്ള കിണറിന്റെ പകുതി ഭാഗം റിംഗിട്ടിരുന്നു.

രാമചന്ദ്രന്‍ സുഹൃത്തായ സുനീര്‍ ബാവയെ ഉടന്‍ ഫോണില്‍ വിളിച്ചു. നോമ്പ് തുറക്കുകയായിരുന്ന സുനീര്‍ വൈകാതെ സ്ഥലത്തെത്തി. കിണറ്റിലിറങ്ങി സാരിയില്‍ കെട്ടി വിദഗ്ദമായി ജിഷയെ പുറത്തെടുത്തു. മഞ്ചേരി മെഡിക്കല്‍ കോളജിലെത്തിച്ച് ചികിത്സ നല്‍കി. ജിഷക്ക് ചെവിക്കും കഴുത്തിനും പരിക്കുണ്ട്. റിംഗുകളില്‍ തലയടിക്കാത്തതും സുനീറിന്റെ മനോധൈര്യവുമാണ് ജിഷക്ക് രക്ഷയായത്. ഓടിക്കൂടിയ മൈത്രി ക്ലബ് പ്രവര്‍ത്തകരും സഹായികളായി. സുനീര്‍ ബാവ വനംവകുപ്പിന്റെ അംഗീക്യത പാമ്പ് പിടുത്തക്കാരന്‍ കൂടിയാണ്. മക്കയില്‍ ജോലിചെയ്യുന്ന ഇദ്ദേഹം കഴിഞ്ഞ മാസമാണ് അവധിക്ക് നാട്ടിലെത്തിയത്.

أحدث أقدم