കോതമംഗലം: കുട്ടമ്പുഴ മാമലകണ്ടത്ത് ആദിവാസി യുവതിയെ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എളമ്പളശേരി സ്വദേശിനി മായ (37) ആണ് കൊല്ലപ്പെട്ടത്. കൂടെ താമസിച്ചിരുന്ന ആൺസുഹൃത്ത് ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു. ബുധനാഴ്ച വീട്ടിൽ ആശവർക്കർമാരെത്തിയപ്പോഴാണ് മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വ രാത്രിയാണ് സംഭവം. രാത്രി വീട്ടിലുണ്ടായ തർക്കത്തിൽ ജിജോ, മായയെ തലക്കടിച്ചു കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.
മായയെ സംശയാസ്പദമായ രീതിയിൽ കണ്ടുവെന്നും ഇയാൾ പൊലിസിന് മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്. മായക്ക് ആദ്യ ഭർത്താവിൽ ഒരു കുട്ടിയുണ്ടെന്നും സംഭവ സമയത്ത് കുട്ടി വീട്ടിലില്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ഇപ്പോൾ വിവാഹ ബന്ധം വേർപ്പെടുത്തിയതിനു ശേഷം ഒരു വർഷമായി ജിജോയോടൊപ്പമാണ് താമസം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.