കോട്ടയം : ഏറ്റുമാനൂരിൽ അമ്മയുടെയും പെൺമക്കളുടേയും ആത്മഹത്യയിൽ കൂടുതൽ വിവരണങ്ങൾ പുറത്ത്. ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിലേക്ക് നയിച്ചത് ഭർത്താവ് നോബിയുടെ പ്രകോപനമാണെന്ന് പൊലീസ് നിഗമനം. ഷൈനി മരിക്കുന്നതിന് തലേന്ന് മദ്യ ലഹരിയിൽ നോബി ഫോണിൽ വിളിച്ചു എന്ന് പൊലീസ് കണ്ടെത്തി. വിവാഹമോചന കേസിൽ സഹകരിക്കില്ലെന്ന് നോബി പറഞ്ഞു. കുട്ടികളുടെ ചെലവിനുള്ള പണം തരില്ലെന്നും സ്ത്രീധനമായി നൽകിയ പണവും സ്വർണവും തരില്ലെന്നും അറിയിച്ചു. പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ ഫോൺ വിളിച്ച കാര്യങ്ങൾ നോബി സമ്മതിച്ചിട്ടുണ്ട്. നോബിക്കെതിരെയുള്ള ഗാർഹിക പീഡന കേസ് കൂടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു.
കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. നോബിക്കെതിരെ 2024 ൽ ഷൈനി തൊടുപുഴ പോലീസ് സ്റ്റേഷനിൽ ഗാർഹിക പീഡന പരാതി നൽകിയിട്ടുണ്ട്. ഈ കേസിൽ നോബിയുടെ അമ്മയും പ്രതിയാണ്. മുൻകാല കേസുകളുടെ കൂടി അടിസ്ഥാനത്തിലാണ് ഏറ്റുമാനൂർ പൊലീസ് നോബിക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയത്. തൊടുപുഴയിലെ നാട്ടുകാരും ഷൈനി അനുഭവിച്ച പീഡനങ്ങളെ സാക്ഷ്യപ്പെടുത്തുന്നു. നിലവിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിരിക്കുന്നത് നോബി ലൂക്കോസിന് എതിരെ മാത്രമാണ്. കുടുംബാംഗങ്ങളായ മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുകയാണ്.