വയോധികയും കുട്ടികളെയും പെരുവഴിയിലാക്കിയ ജപ്‌തി.. പണമടച്ച് ആലപ്പുഴക്കാരൻ.. ജാനകിക്കും കുടുംബത്തിനും ആശ്വാസം…



കാസര്‍കോട്ടെ ജപ്തി നടപടിയില്‍ കുടുംബത്തിന് സഹായവുമായി ആലപ്പുഴ ചേര്‍ത്തല സ്വദേശി. പ്രവാസി വ്യവസായിയും ചേര്‍ത്തല സ്വദേശിയുമായ ഉണ്ണികൃഷ്ണനാണ് പരപ്പച്ചാല്‍ സ്വദേശി ജാനകിക്കും കുടുംബത്തിനും സഹായവുമായി രംഗത്തെത്തിയത്.കുടിശ്ശികയായ 1,92,860 രൂപ ഇദ്ദേഹം തിരിച്ചടച്ചു.ഇന്നലെയായിരുന്നു കാസര്‍കോട് വയോധികയേയും ചെറിയ കുട്ടികളേയും പുറത്താക്കി കേരള ബാങ്കിന്റെ ജപ്തി നടപടി.


കാസർകോട് നീലേശ്വരത്തെ പരപ്പച്ചാലിലാണ് സംഭവം. അപ്രതീക്ഷിതമായ ജപ്തി മൂലം കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം ഒരു രാത്രി വീടിൻ്റെ വരാന്തയിൽ കഴിച്ചുകൂട്ടുകയായിരുന്നു. ജാനകി, മകൻ വിജേഷ്, ഭാര്യ വിപിന എന്നിവരും ഇവരുടെ രണ്ട് കുട്ടികളും അടങ്ങുന്നതാണ് കുടുംബം.വീട്ടുകാർ വീട് പൂട്ടി ആശുപത്രിയിൽ പോയ സമയത്താണ് ബാങ്ക് അധികൃതരെത്തിയത്. വയോധികയും കുട്ടികളും ഉൾപ്പെടെ അപ്രതീക്ഷിത നടപടിയിൽ ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്നു.


ആറര ലക്ഷം രൂപ വായ്പാ കുടിശിക വരുത്തിയതാണ് വീട് ജപ്തി ചെയ്യാൻ കാരണം. 2010ലാണ് ലോൺ എടുക്കുന്നത്. അപ്രതീക്ഷിതമായ തെങ്ങിൽ നിന്ന് വീണ് വിജേഷിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ജാനകി അസുഖബാധിതയാകുകയും ചെയ്തതോടെ വായ്പ തിരിച്ചടവ് മുടങ്ങി. വായ്പാ തിരിച്ചടവിന് സാവകാശം നല്‍കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ബാങ്ക് പിന്തുണച്ചില്ല. കട്ടിലുകളടക്കം വീട്ടിലെ മറ്റ് സാധനങ്ങളും വീടിന്റെ വരാന്തയിലിട്ട് വീട് പൂട്ടി ബാങ്ക് അധികൃതര്‍ പോകുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെയാണ് ചേര്‍ത്തല സ്വദേശി വിഷയത്തില്‍ ഇടപെടുന്നത്.
أحدث أقدم