പത്തനംതിട്ട: കൊടികൾ അഴിച്ചതിന് പത്തനംതിട്ട നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ മർദിച്ച സംഭവത്തിൽ സിഐടിയു നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഎം കുമ്പഴ ലോക്കൽ കമ്മിറ്റി അംഗം സക്കീർ അലങ്കാരത്തിനെയാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.
സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിന്‍റെ തറക്കല്ലിടലിന്‍റെ ഭാഗമായി ടൗൺ സ്ക്വയറിൽ കൊടികൾ കെട്ടിയിരുന്നു. എന്നാൽ ടൗൺ സ്ക്വയറിലെ പരിപാടികളിൽ കൊടി തോരണങ്ങൾ വേണ്ടെന്ന് നഗരസഭ കൗൺസിൽ അടക്കം തീരുമാനിച്ചിരുന്നു.
ഇത് ലംഘിച്ചായിരുന്നു സിഐടിയു പ്രവർത്തകർ കൊടികൾ കെട്ടിയിരുന്നത്. നഗരസഭാ സെക്രട്ടറിയുടെ നിർദേശത്തെ തുടർന്ന് കൊടികൾ അഴിച്ചുമാറ്റാനെത്തിയ ജീവനക്കാരെ സിഐടിയു പ്രവർത്തകർ മർദിക്കുകയും കൊടികൾ തിരികെ കെട്ടിക്കുകയും ചെയ്തു.
ജീവനക്കാരായ കേശവൻ, കുഞ്ഞുമോൻ എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.