പാലക്കാട്: ജില്ലാ കമ്മിറ്റിയിൽ നിന്നും തരംതാഴ്ത്തിയ പി.കെ. ശശിയുടെ പാർട്ടി അഗത്വം പുതുക്കി നൽകാൻ സിപിഎം. മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിലാണ് തീരുമാനം.
തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നെല്ലാം മാറ്റിയെങ്കിലും പാർട്ടി അംഗമായി തുടരുകയായിരുന്നു. ഈ അംഗത്വമാണ് പുതുക്കുന്നത്.
ജില്ലാ കമ്മിറ്റിയിൽ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നെങ്കിലും ഏതു ബ്രാഞ്ചിലേക്കാണെന്ന് തീരുമാനമെടുത്തിരുന്നില്ല. തുടർന്നാണ് ചൊവ്വാഴ്ച ചേർന്ന മണ്ണാർക്കാട് ഏരിയ കമ്മിറ്റിയിൽ ശശിയെ നായാടിപ്പാറ ബ്രാഞ്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്.
മണ്ണാർക്കാട്ടെ പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളെജിന്‍റെ പ്രവർത്തനങ്ങളിലും ഇതിലേക്ക് പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് ശശിയെ തരം താഴ്ത്തിയത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ നിർദേശപ്രകാരം ജില്ലാ കമ്മിറ്റിയിലായിരുന്നു നടപടി.