കേരളത്തിൽ കോൺഗ്രസ് കെട്ടിപ്പെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച കെ കരുണാകരൻ വിടവാങ്ങിയിട്ട് 15 വർഷമായിട്ടും അദ്ദേഹത്തിൻ്റെ പേരിൽ ഒരു സ്മാരകമില്ല. പിരിവും തറക്കല്ല് ഇടീലും മുറപോലെ നടന്നിട്ടും ഒരു ഇഷ്ടിക പോലും വെച്ച് നിർമ്മാണം തുടങ്ങാൻ കഴിഞ്ഞിട്ടില്ല. സ്മാരകത്തിനായി എത്ര പിരിച്ചെന്ന് ഇതുവരെ കെപിസിസിയുടെ മുന്നിൽ കണക്ക് വെച്ചിട്ടില്ല. ഒരുജില്ലയിൽനിന്ന് 50 ലക്ഷം രൂപവീതം, ഏഴുകോടി രൂപ കഴിഞ്ഞ വർഷം ജൂലായ് 30 ന് മുമ്പായി പിരിച്ച് കരുണാകരൻ ഫൗണ്ടേഷന് നൽകണമെന്ന് പറഞ്ഞാണ് കേരളമൊട്ടാകെ പിരിവ് നടത്തിയത്. ഇങ്ങനെ മാസാമാസം പിരിച്ചിട്ടും കെട്ടിടം ഉയരാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ‘ജബ ജബാ’ എന്നാണ് മറുപടിയെന്നാണ് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞത്.
കരുണാകരൻ ഫൗണ്ടേഷന്റെ ഭാരവാഹിത്വത്തിൽ നിന്ന് പത്മജ വേണുഗോപാലിനെ ഒഴിവാക്കി പകരം വർക്കിങ് ചെയർമാനായി കെ മുരളീധരനെ ചുമതല ഏല്പിച്ചിരുന്നു. സ്മാരകത്തിന്റെ നിർമാണം വേഗത്തിൽ തുടങ്ങുകയെന്നത് കോൺഗ്രസ് പ്രവർത്തകരുടെ ഉത്തരവാദിത്വമായി ഏറ്റെടുക്കണം എന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ജൂണിൽ ചേർന്ന കെപിസിസി യോഗത്തിലുണ്ടായ തീരുമാനം. ഇതിന്റെ ഭാഗമായാണ് നിർമാണത്തിനുള്ള പണം കണ്ടെത്താൻ പ്രവർത്തകരോട് വിഹിതം ചോദിക്കാൻ തീരുമാനിച്ചിരുന്നു. ഈ ആഹ്വാനവും പിരിവ് മഹാമഹവും കഴിഞ്ഞിട്ട് ഒരു വർഷമാകുന്നു. സ്മാരകം ഇപ്പോഴും കെപിസിസി ഓഫീസിലെ മിനിറ്റ്സ് ബുക്കിൽ ഒതുങ്ങി നിൽക്കുന്നു.
പിരിച്ച ഫണ്ട് അടിച്ചുമാറ്റിയോ അതോ ആവിയായിപ്പോയോ എന്നാരും അന്വേഷിക്കുന്നുമില്ല, ഫണ്ട് പിരിവ് സംബന്ധിച്ച കാര്യങ്ങൾ അവതരിപ്പിക്കാൻ കെപിസിസിക്ക് താൽപര്യവുമില്ല. പാർട്ടിയുടെ ഖജനാവ് തിന്നുന്ന ബകനെ തേടി നടക്കുകയാണ് കോൺഗ്രസുകാർ.