വിദ്യാർഥിയുടെ ഉത്തരപേപ്പർ തടഞ്ഞുവെച്ച സംഭവം... ഇൻവിജിലേറ്ററെ പുറത്താക്കി...





തിരുവനന്തപുരം : പ്ലസ് ടു പരീക്ഷക്കിടെ വിദ്യാർഥിയുടെ ഉത്തരപേപ്പർ തടഞ്ഞു വെച്ച സംഭവത്തിൽ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. ഇൻവിജിലേറ്ററെ പരീക്ഷാ നടപടികളിൽ നിന്ന് പുറത്താക്കി ഉത്തരവിറക്കി. പരീക്ഷാ കമ്മീഷണർ മാണിക്ക് രാജാണ് ഉത്തരവിറക്കിയത്. ഇൻവിജിലേറ്റർക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് തുടർനടപടികൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ തീരുമാനിക്കും. സംഭവത്തിൽ മലപ്പുറം RDD സംസ്ഥാന DGE ക്ക് റിപ്പോർട്ട് സമർപ്പിച്ചു. മലപ്പുറം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ പിഎം അനിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.

മലപ്പുറം KMHSS കുറ്റൂർ സ്‌കൂളിലെ ഹുമാനിറ്റീസ് വിദ്യാർത്ഥിനിയായ അനാമികയോട് ഇക്‌ണോമിക്‌സ് പരീക്ഷക്കിടെ മറ്റൊരു വിദ്യാർത്ഥിനി സംസാരിച്ചതിനാണ് ഇൻവിജിലേറ്റർ അനാമികയുടെ ഉത്തരപേപ്പർ പരീക്ഷയ്ക്കിടെ പിടിച്ച് വെച്ചത്. വിദ്യാർത്ഥിനി പരീക്ഷാ ഹാളിൽ ഇരുന്ന് കരഞ്ഞതോടെയാണ് അരമണിക്കൂറിനു ശേഷം ഇൻവിജിലേറ്റ‍ർ ഉത്തരക്കടലാസ് തിരിച്ച് നൽകിയത്.

എന്നാൽ സമയം നഷ്ടമായതോടെ വിദ്യാ‍ർത്ഥിനിക്ക് ഉത്തരങ്ങൾ മുഴുവൻ എഴുതാൻ സാധിക്കാതെ വന്നു. ഉത്തരങ്ങൾ തനിക്ക് അറിയാമായിരുന്നു വെന്നും സമയം ലഭിച്ചില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു. പത്തിലും പ്ലസ് വണ്ണിലുമടക്കം എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കുട്ടിയാണ് അനാമിക. മാത്രവുമല്ല വിദ്യാർത്ഥിനി സിവിൽ സർവീസ് പരീക്ഷകൾക്ക് തയ്യാറെടുക്കുകയും ആണ്. വീണ്ടും പരീക്ഷ എഴുതാൻ അവസരമൊരുക്കണ മെന്നാണ് കുട്ടിയുടെ കുടുംബം ഉന്നയിക്കുന്ന ആവശ്യം.
أحدث أقدم