ഇപ്പോൾ തന്നെ ഇതേ നിയമം നടപ്പാക്കിയിട്ടുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി നോക്കിയാലറിയാം നിയമത്തെ വളച്ചൊടിച്ച് നിരപരാധികളെ എങ്ങനെയെല്ലാം വേട്ടയാടാമെന്ന്. കേസ് റജിസ്റ്റർ ചെയ്യുന്നതിൽ തുടങ്ങി, വ്യാജ തെളിവുകളും സാക്ഷികളെയും ഹാജരാക്കി കോടതികളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വരെ അതീവ ജാഗ്രതയോടെ പ്രവർത്തിക്കുന്ന സംവിധാനങ്ങൾ അവിടെയെല്ലാം പ്രവർത്തിക്കുന്നുണ്ട്. വൈദികരെയടക്കം ജാമ്യമില്ലാതെ ജയിലിലടച്ച് പീഡിപ്പിച്ചതിൻ്റെ അനുഭവങ്ങൾ പലത് പുറത്തുവന്നിട്ടുണ്ട്. ക്രിസ്ത്യാനികളെ ലക്ഷ്യം വെക്കുന്നതിന് പിന്നിൽ സംഘപരിവാറിന് കൃത്യമായ അജണ്ടയുണ്ടെന്ന് വ്യക്തമാണ്.
മറുവശത്ത് മുസ്ലീംവേട്ടയും സജീവമായി തുടരുന്നുണ്ട്. മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്‍റെ ശവകൂടീരം നീക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ നാഗ്പ്പൂരിൽ ദിവസങ്ങളായി സംഘപരിവാർ സംഘടനകൾ സംഘർഷം തുടരുകയാണ്. ഛത്രപതി സംഭാജി നഗറായി പ്രഖ്യാപിച്ച ഔറംഗബാദിലെ കുൽദാബാദിൽ സ്ഥിതിചെയ്യുന്ന ഈ സ്മാരകം നിലവിൽ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ചരിത്ര സ്ഥാപനമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തിലും സ്ഥിതി ഒട്ടും മെച്ചമല്ല. ഗുജറാത്തിലെ തപി ജില്ലയിൽ ക്രൈസ്തവരായ അധ്യാപകർ മതംമാറ്റത്തിന് പ്രോത്സാഹനം നൽകുന്നുവെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി. ഇതിനെതിരെ ബിജെപിയുടെ ഏക ക്രിസ്ത്യൻ എംപി മോഹൻ കോകാനി രംഗത്ത് വന്നു. അരുണാചലിലും മധ്യപ്രദേശിലും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നിയമനിർമ്മാണത്തിന് എതിരെ ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ (All India Catholic Union) പ്രതിഷേധിച്ചു.