ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിൻ്റെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ചതായി റിപ്പോർട്ട്. മദ്യകുംഭക്കോണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി ദുർഗിലെ ഭൂപേഷിന്റെ വസതിയിലെത്തി റെയ്ഡ് നടത്തി തിരിച്ച് മടങ്ങവെ ആയിരുന്നു ആക്രമണം. ഭൂപേഷ് ബാഗേലിന്റെ വീട്ടിൽ നിന്നും ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനത്തിലേക്ക് കല്ലെറിഞ്ഞെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എഫ് ഐ ആർ ഫയൽ ചെയ്തേക്കും.
ഭൂപേഷ് ബാഗേലിന്റെയും മകൻ ചൈതന്യയുടെയും വസതികൾ ഉൾപ്പെടെ ദുർഗിലെ പതിനാലിടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് തന്റെ വസതിയിൽ ഇഡി റെയ്ഡ് നടത്തിയതെന്നാണ് ഭൂപേഷ് ബാഗേലിന്റെ ആരോപണം. പ്രതിപക്ഷത്തെ മനപൂർവ്വം കരിവാരി തേയ്ക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഭൂപേഷ് ആരോപിച്ചു. നിയമസഭയിൽ പോകാൻ പോലും തന്നെ ഇ ഡി അനുവദിച്ചില്ലെന്നും ഭൂപേഷ് ബാഗേൽ പറഞ്ഞു.