കാട്ടുപോത്തിന്റെ കുത്തേറ്റ യുവാവ് മരിച്ചു.. മരണകാരണം നട്ടെല്ലിനും ആന്തരികാവയവങ്ങള്‍ക്കും ഉണ്ടായ ഗുരുതര പരിക്ക്..





മലക്കപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഝാര്‍ഖണ്ട് സ്വദേശി സഞ്ജയ് മരിച്ചു. കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരമാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. നട്ടെല്ലിനും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. മരണകാരണം ഇതാണെന്നാണ്‌ ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

ഞായാറാഴ്ച്ച് വൈകുന്നേരം കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങി വരുമ്പോഴായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. റോഡിലൂടെ നടന്നുപോകുമ്പോള്‍ ഓടിവന്ന കാട്ടുപോത്ത് യുവാവിനെ ഇടിച്ചു തെറിപ്പിച്ചു. ഉടന്‍തന്നെ യുവാവിനെ അടുത്തുള്ള ടാറ്റാ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരിക്കേറ്റതിനാല്‍ വിദഗ്ദ ചികിത്സയ്ക്കായി പൊള്ളാച്ചിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് പുലര്‍ച്ചയാണ് പൊള്ളാച്ചി ആശുപത്രിയില്‍ യുവാവ് മരിച്ചത്‌.

ഈ മേഖലയില്‍ സ്ഥിരമായി കാട്ടുപോത്ത്, കാട്ടാന, പുലി തുടങ്ങിയ വന്യജീവികളുടെ സാന്നിധ്യം ഉണ്ടാവാറുണ്ട്.സഞ്ജയും കുടുംബവും വര്‍ഷങ്ങളായി ഇവിടെ തന്നെ താമസിക്കുന്നവരാണ്. മൃതദേഹം ഝാര്‍ഖണ്ഡിലേക്ക് കൊണ്ടുപോകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല
أحدث أقدم