ദുബായ് ദുബായ് മറീനയിലെ
റെസിഡൻഷ്യൽ കെട്ടിടത്തിൽ അഗ്നിബാധ. ഇതേ തുടർന്ന് ഇവിടെ താമസിച്ചിരുന്നവരെ ഒഴിപ്പിച്ച ശേഷം തീ നിയന്ത്രണവിധേയമാക്കി. തീ പിടിത്തത്തിൽ ആർക്കും പരുക്കില്ലെന്ന് അധികൃതർ അറിയിച്ചു. ദുബായ് മറീനയിലെ 81 നിലകളുള്ള ടവറിൽ കഴിഞ്ഞ ദിവസമായിരുന്നു അഗ്നിബാധ. ഈ കെട്ടിടത്തിൽ നടന്ന മൂന്നാമത്തെ വലിയ തീപിടിത്തമാണിത്.
കെട്ടിടത്തിന്റെ ലോബിയിൽ കനത്ത പുക നിറഞ്ഞ ചിത്രങ്ങൾ ആളുകൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ഉടൻ സ്‌ഥലത്തെത്തിയ സിവിൽ ഡിഫൻസ് അടക്കമുള്ള രക്ഷാപ്രവർത്തകർ കെട്ടിടത്തിൽ നിന്ന് ഒഴിയാൻ അടിയന്തരമായി സൈറണുകൾ മുഴക്കി. തീ പെട്ടെന്ന് അണച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു. തിരക്കേറിയ ഈ പ്രദേശത്ത് റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ഹോട്ടലുകൾ, റസ്‌റ്ററന്റുകൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവയുണ്ട്.