
കൊച്ചി: ഇടക്കൊച്ചിയിൽ ഇടഞ്ഞ ആനയെ തളച്ചു. മണിക്കൂറുകളോളം പ്രദേശത്ത് പരിഭ്രാന്തി പരത്തിയ ആനയെ ഏറെ ശ്രമകരമായാണ് തളച്ചത്. ഇന്ന് വൈകിട്ടോടെയായിരുന്നു ജ്ഞാനോദയം സഭ ക്ഷേത്രത്തിന് സമീപം ഊട്ടോളി മഹാദേവൻ എന്ന ആന ഇടഞ്ഞത്. ഇടക്കൊച്ചി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായായിരുന്നു ഊട്ടോളി മഹാദേവനെ എത്തിച്ചത്. ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കുളിപ്പിക്കുന്നതിന് സൗകര്യമില്ലാത്തതിനാല്‍ ആനയെ ജ്ഞാനോദയം സഭ ക്ഷേത്രത്തിൽ എത്തിക്കുകയായിരുന്നു. ഇവിടെ കുളിപ്പിക്കുന്നതിനിടെ ആന ഇടയുകയായിരുന്നു.തിടമ്പ് ഏറ്റുന്നതിനു മുൻപ് കുളിപ്പിക്കുന്നതിനായി എത്തിച്ചപ്പോൾ ആന ഇടയുകയായിരുന്നു.
നിരവധി വാഹനങ്ങളാണ് ആന തകർത്തത്.മൂന്ന് കാർ, ബൈക്ക്, ആനയെ കൊണ്ടുവന്ന ലോറി, സൈക്കിൾ, എന്നിവ ആന തകർത്തു. സമീപത്തുണ്ടായിരുന്ന മതിലിന്റെ ഒരു ഭാഗവും തകർത്തിട്ടുണ്ട്.അക്രമാസക്തനാവുകയുമായിരുന്നു. തളയ്ക്കാനെത്തിയവർക്ക് നേരെ ആന പാഞ്ഞടുത്തു. മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച ശേഷം 7.15 ഓടെ തളയ്ക്കുകയായിരുന്നു.