കേരളത്തിലെ വ്യാവസായിക മേഖലയെ തകര്‍ത്തത് നോക്കുകൂലിയാണെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമന്‍. രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്‌ക്കിടെയാണ് കേരളത്തിലെയും ബംഗാളിലെയും ത്രിപുരയിലെയും വ്യാവസായിക പിന്നോക്കാവസ്ഥയ്‌ക്ക് കാരണം ചൂണ്ടിക്കാട്ടി നിര്‍മ്മലാ സീതാരാമന്‍ ആഞ്ഞടിച്ചത്. എന്താണ് നോക്കുകൂലി എന്ന് നിർമല സീതാരാമന്‍ രാജ്യസഭാംഗങ്ങള്‍ക്ക് വിശദീകരിച്ചതോടെ നാണക്കേടാണിത് എന്ന എംപിമാരുടെ ശബ്ദങ്ങളും സഭയില്‍ നിറഞ്ഞു.
ബംഗാളും ത്രിപുരയും തകര്‍ത്തത് കമ്യൂണിസമാണ്. കേരളത്തിന്റെ പ്രശ്‌നങ്ങളും അങ്ങനെയുണ്ടായതാണ്. സംസ്ഥാനത്ത് ഇപ്പോള്‍ നോക്കുകൂലി ഇല്ലെന്ന് സംസ്ഥാന വ്യവസായ മന്ത്രി മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറയുന്നത് കേട്ടു. എന്തുകൊണ്ടാണ് അദ്ദേഹത്തിന് അത്തരത്തില്‍ പറയേണ്ടിവന്നത്. നോക്കുകൂലി ഉണ്ടായിരുന്നതു കൊണ്ടാണ് അത്തരത്തില്‍ പറയേണ്ടിവന്നത്. എന്താണ് നോക്കുകൂലി എന്നറിയുമോ. തൊഴിലാളികള്‍ വട്ടംകൂടി എന്തെങ്കിലും ജോലിയുണ്ടോയെന്ന് നോക്കിയിരിക്കും. നമ്മളാരെങ്കിലും ബസ്സിറങ്ങി ആരെയെങ്കിലും വെച്ച് ബസ്സില്‍ നിന്ന് ലഗേജ് ഇറക്കി പോകുമ്പോള്‍ ഈ സിപിഎം കാര്‍ഡ് ഉടമകളായ തൊഴിലാളികള്‍ വന്ന് വെറുതെ പണം വാങ്ങും. അതാണ് നോക്കുകൂലി. ലഗേജ് ഇറക്കിയത് മറ്റൊരാളാണെങ്കിലും ഇവര്‍ക്കും കൂലി കൊടുക്കണം. അതാണ് നോക്കൂകൂലി. ഈ തരത്തിലുള്ള കമ്യൂണിസമാണ് കേരളത്തിലെ വ്യവസായങ്ങളെ തകര്‍ത്തത്. ബംഗാളിലെയും ത്രിപുരയിലെയും വ്യവസായങ്ങളില്ലാതായതും ഇത്തരത്തിലാണ്. നിരവധി ഉല്‍പ്പാദകരെയും വ്യവസായികളെയും കമ്യൂണിസം കേരളത്തില്‍ തകര്‍ത്തു. ഞാന്‍ കേരളത്തില്‍ നിന്നല്ലായിരിക്കാം, എന്നാല്‍ ദക്ഷിണേന്ത്യയില്‍ നിന്നാണ് ഞാനും വരുന്നത്. എനിക്കറിയാം അവിടെയെന്താണ് നടക്കുന്നതെന്ന് നിർമല സീതാരാമന്‍ പറഞ്ഞു.