തിരുവല്ല: പതിനേഴുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതി ആറു മാസങ്ങൾക്ക് ശേഷം പിടിയിൽ. കോട്ടയം സ്വദേശിയായ കാളിദാസ് എസ്. കുമാറിനെയാണ് (23) ഉത്തർ പ്രദേശിൽ നിന്നും പൊലീസ് പിടികൂടിയത്.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ച് പ്രതിയുടെ വീട്ടിലും മറ്റു സ്ഥലങ്ങളിലുമായി ഒന്നരവർഷക്കാലം പീഡിപ്പിച്ചുവെന്നാണ് കേസ്. മാനസിക അസ്വാസ്ഥ‍്യം പ്രകടിപ്പിച്ച കുട്ടിയെ കുടുംബം കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
തുടർന്ന് പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. പൊലീസ് കേസെടുത്തതറിഞ്ഞ് പ്രതി ഉത്തർ പ്രദേശിലെത്തിയിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഫരീദാബാദിലെ ചേരിയിൽ നിന്നും പ്രത‍്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ പോയിരുന്ന പ്രതി കുടുംബവുമായി ബന്ധപ്പെട്ടിരുന്നില്ല. അതിനാലാണ് പ്രതിയെ പിടികൂടാൻ വൈകിയതെന്ന് പൊലീസ് അറിയിച്ചു.