നോമ്പുകാലത്ത് പാതിരിക്ക് പണികൊടുത്ത് മെത്രാന്‍; ദന്തല്‍ കോളേജ് അഡ്മിഷന്‍ തട്ടിപ്പില്‍ കുടുങ്ങിയ വൈദികനെ ചുമതലകളില്‍ നിന്നൊഴിവാക്കി


ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ക്രിസ്തുവിനെ കുരിശിലേറ്റിയതിന്റെ ഓര്‍മ്മയുടെ ഭാഗമായി 50 ദിവസത്തെ നോമ്പ് ആചരിക്കുന്നത് പതിവാണ്. നോമ്പുകാലത്ത് തെറ്റുകുറ്റങ്ങള്‍ പരസ്പരം മറക്കുകയും പൊറുക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം. എന്നാല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തിരുവനന്തപുരം ഭദ്രാസന ബിഷപ്പിനെതിരെ നടന്ന യോഗത്തില്‍ പങ്കെടുത്ത വൈദികനെ മെത്രാന്‍ സസ്‌പെന്റ് ചെയ്തു. പഴയൊരു പരാതി കുത്തിപ്പൊക്കി മെത്രാന്‍ പാതിരിക്ക് പണി കൊടുത്തു എന്നാണ് വിശ്വാസികള്‍ പറയുന്നത്.

തിരുവനന്തപുരം നാലാഞ്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ സഹവികാരി ഫാദര്‍ ജോണ്‍ വര്‍ഗീസിനെയാണ് ഭദ്രാസന ബിഷപ്പ് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഈ മാസം മൂന്നിന് വൈദിക ചുമതലകളില്‍ നിന്നൊഴിവാക്കിയത്. ഇടവകാംഗമായ ബോബി മാത്യു എന്ന വ്യക്തിയുടെ മകള്‍ക്ക് ദന്തല്‍ കോളജില്‍ അഡ്മിഷന്‍ തരപ്പെടുത്തിക്കൊടുക്കാമെന്ന ഫാദര്‍ ജോണ്‍ വര്‍ഗീസിന്റെ ഉറപ്പിലും മധ്യസ്ഥതതയിലും ബിജു പോത്തന്‍ എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് 3.75 ലക്ഷം നല്‍കിയിരുന്നു. എന്നാല്‍ സീറ്റ് ലഭിച്ചില്ല.

ഒരുലക്ഷം രൂപ മടക്കി നല്‍കിയെങ്കിലും ബാക്കി തുക നല്‍കിയില്ല. പണം ചോദിക്കുമ്പോള്‍ ബിജു പോത്തന്‍ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്നുവെന്നാണ് മെത്രാന് നല്‍കിയ പരാതിയില്‍ ബോബി മാത്യു ആരോപിക്കുന്നത്. വൈദികന്റെ ഭാര്യാ സഹോദരന്‍ ജോലി ചെയ്യുന്ന പിഎംഎസ് ദന്തല്‍ കോളജില്‍ അഡ്മിഷന്‍ തരപ്പെടുത്താമെന്ന ഉറപ്പിലാണ് കാശ് കൊടുത്തത് എന്നാണ് പരാതി.

അഡ്മിഷന്‍ തട്ടിപ്പില്‍ വൈദികന്റെ പങ്കാളിത്തം ഗൗരവമുള്ളതാണ് എന്ന് ബിഷപ്പ് പുറപ്പെടുവിച്ച സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ‘അച്ചന്റെ (ജോണ്‍ വര്‍ഗീസിന്റെ) ശുശ്രൂഷക്കുളള സ്വീകാര്യതയ്ക്കും വിശ്വസനീയതയ്ക്കും പൊതുവേയുളള വൈദിക സാക്ഷ്യത്തിന് നന്നേ ഇടിവ് സംഭവിച്ചിരിക്കുന്നു എന്ന് നാം മനസിലാക്കുന്നു’ എന്നാണ് ബിഷപ്പിന്റെ ഉത്തരവില്‍ പറയുന്നത്


എന്നാല്‍ വൈദികന് ഈ സാമ്പത്തിക ഇടപാടില്‍ നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കുന്ന പരാതി ഇല്ലെന്നാണ് സഹപ്രവര്‍ത്തകരായ മറ്റ് വൈദികരുടെ നിലപാട്. വൈദിക ചുമതലകളില്‍ നിന്നൊഴിവാക്കിയ ഫാദര്‍ ജോണ്‍ വര്‍ഗീസിന് പരാതിയുടെ കോപ്പി നല്‍കുകയോ, വിശദീകരണം തേടുകയോ ചെയ്യാതെയാണ് കടുത്ത നടപടി സ്വീകരിച്ചതെന്നും ഇവര്‍ പറയുന്നു. അതേസമയം സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കിയതിന്റെ പിറ്റേന്ന് ഫാദര്‍ ജോണ്‍ വര്‍ഗീസിനെ മറ്റൊരു ഇടവക പള്ളിയിലേക്ക് സ്ഥലം മാറ്റിയതായും അറിയിച്ചിട്ടുണ്ട്.


ഭദ്രാസന മെത്രാനായ മാര്‍ ഗബ്രിയേല്‍ തികച്ചും ഏകപക്ഷീയവും ഏകാധിപത്യവുമായ നടപടികളാണ് ചെയ്യുന്നതെന്ന് വൈദികരും വിശ്വാസികളും ആരോപിക്കുന്നു. തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് മെത്രാനെന്നും ജോണ്‍ വര്‍ഗീസിനെ പിന്തുണക്കുന്നവര്‍ ആരോപിക്കുന്നുണ്ട്. നോമ്പുകാലത്ത് ഒരു വൈദികനെ ഇങ്ങനെ പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് സ്വാഭാവിക നീതിക്കും ദൈവനീതിക്കും എതിരാണെന്ന് വിശ്വാസികളിൽ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.


വൈദികനെ മുന്‍ നിര്‍ത്തി ഇടവകാംഗവും പള്ളിയിലെ ട്രഷററുമായ ബിജു പോത്തന്‍ പണം തട്ടിയെടുത്തു എന്നാണ് പള്ളിയിലെ ഒരുപറ്റം വിശ്വാസികളുടെ ആരോപണം. കാശിന് പുറമെ പരാതിക്കാരനായ ബോബി മാത്യുവില്‍ നിന്ന് മുന്തിയ മദ്യവും, 20 വിലകൂടിയ വാച്ചുകളും ഇയാള്‍ വാങ്ങിയെന്നും പരാതിക്കാരന്‍ ഉന്നയിച്ചിരുന്നു. തട്ടിപ്പിനെക്കുറിച്ച് ഇടവകയുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ബിജു പോത്തനെതിരെ പലരും ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.


എന്തായാലും വലിയ നോമ്പു തുടങ്ങിയ ദിവസം തന്നെ പാതിരിക്ക് പണി കൊടുത്ത മെത്രാന് തിരിച്ചൊരു പണി കൊടുക്കണമെന്ന വാശിയിലാണ് ബാക്കി വൈദികര്‍. അതുകൊണ്ട് തന്നെ അടിയും തിരിച്ചടികളും ഇനിയും പ്രതീക്ഷിക്കാം.

أحدث أقدم