റവന്യു വകുപ്പിന്റെ എൻഒസിയും തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയുമില്ലാത്ത ഒരു നിർമാണ പ്രവർത്തനവും അനുവദിക്കരുത്. നിർമാണ സാമഗ്രികളുമായി വരുന്ന വാഹനങ്ങൾ ഇവിടേക്ക് കയറ്റിവിടരുത്. ഇക്കാര്യം ജില്ലാ ഭരണകൂടവും ജില്ലാ പൊലീസ് മേധാവിയും ഉറപ്പാക്കണം. പീരുമേട്, മഞ്ഞുമല വില്ലേജുകളുടെ പരിധിയിൽ വരുന്ന സർക്കാർ ഭൂമിയിൽ കയ്യേറ്റം നടന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.
വലിയ കെട്ടിടങ്ങളും ഈ മേഖലയിൽ നിർമിച്ചിട്ടുണ്ട്. മൂന്നാർ മേഖലയിലേക്കാൾ വലിയ കയ്യേറ്റമാണ് പരുന്തുംപാറ മേഖലയിൽ നടക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. മൂന്നാർ മേഖലയിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജിയോടൊപ്പം പരുന്തുംപാറയിലെ പ്രശ്നവും പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് പ്രത്യേക ബെഞ്ചിന് അനുമതി നൽകി. കേസിൽ പീരുമേട്, വണ്ടിപ്പെരിയാർ പഞ്ചായത്തുകളെ കക്ഷി ചേർത്തു. പരുന്തുംപാറയിലെ കയ്യേറ്റക്കാരുടെ പട്ടിക ഹാജരാക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. കയ്യേറ്റക്കാരെയും കേസിൽ കക്ഷി ചേർക്കും.