പെരുന്നാൾ: യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു...


അബുദാബി : യുഎഇയിൽ
സ്വകാര്യ മേഖലയ്ക്ക് പെരുന്നാൾ (ഈദുൽ ഫിത്ർ) അവധി പ്രഖ്യാപിച്ചു. ഈ മാസം 30 മുതൽ ഏപ്രിൽ 1 വരെ 3 ദിവസമാണ് അവധി. രാജ്യത്ത് എങ്ങുമുള്ള സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ഈ അവധി ബാധകമാണെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.

അതേസമയം, റമസാൻ 30 പൂർത്തിയാക്കുകയാണെങ്കിൽ അവധി ഏപ്രിൽ 2 വരെ നീട്ടുമെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിനാൽ ശവ്വാൽ മാസത്തെ ചന്ദ്രക്കലയെ ആശ്രയിച്ചിരിക്കും അവധി തീരുമാനിക്കുക. ഇത് ജീവനക്കാർക്ക് നാലോ അഞ്ചോ ദിവസത്തെ വാരാന്ത്യം ലഭിക്കുന്നതിന് കാരണമാകും. ഇസ്ലാമിക മാസങ്ങൾ ചന്ദ്രൻ കാണുന്ന സമയത്തെ ആശ്രയിച്ച് 29 അല്ലെങ്കിൽ 30 ദിവസം നീണ്ടുനിൽക്കുന്നതാണ്.

യുഎഇയിലെ ചന്ദ്രക്കല നിരീക്ഷണ സമിതി ഈ മാസം 29 ന് ചന്ദ്രക്കല നിരീക്ഷിക്കാൻ തുടങ്ങും. അന്ന് വൈകിട്ട് ചന്ദ്രക്കല കണ്ടാൽ ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് 30, 31, ഏപ്രിൽ 1 തീയതികളിൽ പെരുന്നാൾ അവധി ദിവസങ്ങൾ വരും. അതിന്റെ ഫലമായി നാല് ദിവസത്തെ ഇടവേള (ശനി മുതൽ ചൊവ്വാഴ്ച്‌ച വരെ) ലഭിക്കും

ദുബായ് ജ്യോതിശാസ്ത്ര ഗ്രൂപ്പിന്റെ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ അനുസരിച്ച് റമസാൻ 30 ദിവസം പൂർത്തിയാക്കാൻ സാധ്യതയുണ്ട്. പൊതുമേഖലാ ജീവനക്കാർക്കും സമാനമായ അവധി ദിവസങ്ങൾ ലഭിക്കും. പൊതു, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് യുഎഇയിൽ നടപ്പിലാക്കിയ ഏകീകൃത അവധിക്കാല നയം എല്ലാവർക്കും വർഷം മുഴുവനും തുല്യ അവധികൾ ഉറപ്പാക്കുന്നു.

أحدث أقدم