തരൂരിന്റെ ഈ പ്രതികരണത്തില്‍ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഉള്‍പ്പടെ അതൃപ്തിയുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായം അനുചിതമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 'ഇക്കാര്യത്തില്‍ തരൂരിന്റെ അഭിപ്രായമല്ല ഞങ്ങളുടേത്. എന്നാല്‍ ഇത് മാധ്യമങ്ങളോട് പറയാനില്ല. പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്കെതിരെ സംസാരിക്കണമോ എന്നത് ഒരു പാര്‍ട്ടി അംഗത്വത്തിന്റെ ഔചിത്യമാണ്. സംഘടനാ സംവിധാനങ്ങള്‍ക്കൊപ്പമാണെങ്കില്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് ഒരു പരിധിയുണ്ട്. നിരന്തരമായി വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നത് തുടരുന്നത് പാര്‍ട്ടിയുടെ നയങ്ങളിലും നിലപാടുകളിലും താല്‍പര്യമില്ലെന്നാണ് കാണിക്കുന്നത്' അദ്ദേഹം പറഞ്ഞു.
തരൂരിന്റെ അഭിപ്രായപ്രകടനങ്ങള്‍ ബിജെപിക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതായി സംസ്ഥാന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണ് ദേശീയ നേതൃത്വം ചെയ്തതെന്നാണ് സംസ്ഥാന നേതാക്കളുടെ ആക്ഷേപം. അതിന് പിന്നാലെയാണ് വീണ്ടും മോദി സ്തുതിയുമായി തരൂര്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും തരൂരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അനാവശ്യ മോദി സ്തുതി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം തരൂര്‍ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ഹൈക്കമാന്‍ഡിന്റെ ഈ മുന്നറിയിപ്പ്.
തരൂരിന്റെ കാര്യത്തില്‍ പന്ത് ഹൈക്കമാന്‍ഡിന് മുന്നിലാണെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭിപ്രായം. 'തരൂരിന്റെ എല്‍ഡിഎഫ് പ്രശംസയില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അതിനുശേഷം തരൂരുമായി കൂടിക്കാഴ്ച നടത്താന്‍ മുന്‍കൈ എടുത്തത് രാഹുലാണ്. ഇക്കാര്യത്തിലും തീരുമാനം എടുക്കേണ്ടത് അവരാണ്'- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു നേതാവ് എന്ന പ്രതിച്ഛായ ഉണ്ടാക്കുകയാണ് തരൂര്‍ ചെയ്യുന്നതെന്നാണ് യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും വിലയിരുത്തല്‍. ഇതിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ടെന്നും നേതൃത്വം വിലയിരുത്തുന്നു. 'മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണ് തന്റെ പ്രതികരണമെന്നും എപ്പോഴും പാര്‍ട്ടി താല്‍പര്യത്തിന് അനുസരിച്ച് നിലപാട് എടുക്കാനാകുമില്ലെന്ന തരൂരിന്റെ നിലപാട് അവസരവാദ രാഷ്ട്രീയക്കാര്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നേതൃത്വത്തില്‍ പ്രതിസന്ധിയുണ്ടെങ്കിലും ആ സ്ഥാനത്തേക്ക് തരൂരിന്റെ പേരിനെ സംസ്ഥാ നേതൃത്വം അംഗീകരിക്കില്ലെന്ന് തരൂരിനൊപ്പമുള്ളവര്‍ക്ക് നന്നായി അറിയാം. ഗാന്ധി കുടുംബത്തിന്റെ അഭിപ്രായത്തിന് വിരുദ്ധമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതും തരൂരിന് ദോഷമായി. അതേസമയം, തരൂരിന്റെ നിലപാടുകളെ പ്രകീര്‍ത്തിക്കുന്ന ബിജെപിയുടെ നിലപാടും കോണ്‍ഗ്രസ് ഉറ്റുനോക്കുയാണ്. ദേശീയ നേതാക്കളും കെ സുരേന്ദ്രന്‍ ഉള്‍പ്പടെ തരൂരിനെ പിന്തുണച്ച് രംഗത്തുവന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ആഗതമായിരിക്കെ ഏറെ ജനകീയനായ ഒരുനേതാവിനെ കൈവിടുന്നത് ഗുണം ചെയ്യില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനും നന്നായി അറിയാം.