വന്ദനാ ദാസ് കേസ്: പ്രതി ആക്രമിക്കുന്ന ദ്യശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു



കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോ വന്ദനാ ദാസ് കൊല ചെയ്യപ്പെട്ട ദിവസത്തെ ആക്രമണത്തിൽ മാരകമായി പരിക്കേറ്റ വന്ദന, ഹോസ്പിറ്റലിൻ്റെ പോർച്ചിന് സമീപമെത്തി കുഴഞ്ഞുവീഴുന്നതായി സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഫോറൻസിക് വിദഗ്ദ്ധ ഗോപിക കോടതിയിൽ തിരിച്ചറിഞ്ഞു. കൂടാതെ ഹോസ്പിറ്റലിലെ കാഷ്വാലിറ്റി കൗണ്ടറിനു സമീപം വെച്ച് പ്രതി പോലിസ് യൂണിഫോമിലുണ്ടായിരുന്ന ആളുടെ തലയിൽ കുത്തി മുറിവേല്പിക്കുന്നതായ ദൃശ്യവും കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി എൻ വിനോദ് മുമ്പാകെ നടന്ന വിസ്താരത്തിൽ സാക്ഷി തിരിച്ചറിഞ്ഞു.

കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ പ്രതാപ് ജി പടിക്കൽ, സാക്ഷിയായ കൊട്ടാരക്കര പോലിസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മണി ലാലിനെ വിസ്തരിച്ച സമയം കാഷ്വാലിറ്റി കൗണ്ടറിനു സമീപം വെച്ച് പ്രതി തൻ്റെ തലയിൽ ആഞ്ഞ് കുത്തി കൊലപ്പെടുത്തുവാൻ ശ്രമിച്ചതായി മൊഴി കൊടുത്തിരുന്നു. ആ മൊഴിയെ ശരിവെക്കുന്ന തരത്തിലുള്ള സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ ആണ് ഇന്ന് കോടതിയിൽ പ്രദർശിപ്പിച്ചത്.

മൂന്ന് ദിവസമായി തുടരുന്ന ഫോറൻസിക് വിദദ്ധയുടെ ചീഫ് വിസ്താരം പ്രോസിക്യൂട്ടർ വെള്ളിയാഴ്ചയും തുടരും.
വന്ദനയെ ആക്രമിച്ച പ്രതിയെ പോലിസുകാരും ആംബുലൻസ് ഡ്രൈവറും മറ്റും ചേർന്ന് കീഴടക്കി കൈ കാലുകൾ ബന്ധിച്ച് ഹോസ്പിറ്റലിലെ പോർച്ചിൽ കിടത്തിയിരിക്കുന്നതായ ദൃശ്യങ്ങളും വിചാരണ വേളയിൽ കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.പ്രതാപ് ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്

أحدث أقدم