പാക് പതാകയില്‍ മൂത്രമൊഴിക്കാന്‍ നിര്‍ബന്ധിച്ചു; 15 കാരന്റെ പരാതിയില്‍ കേസ്



റോഡില്‍ കിടന്ന പാകിസ്ഥാന്‍ പതാകയില്‍ മൂത്രമൊഴിക്കാന്‍ ഒരു വിദ്യാര്‍ഥിയെ നിര്‍ബന്ധിച്ച് കൊണ്ടു ജനക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചതായി പരാതി. ഇതിന്റെ വിഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പേര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞയാഴ്ച പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ കൂടുതല്‍ വിനോദ സഞ്ചാരികളായിരുന്നു. തുടര്‍ന്നാണ് ഇത്തരമൊരു നീക്കമുണ്ടായിരിക്കുന്നത്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തെ സമാജ് വാദി പാര്‍ട്ടിയുടെ അലിഗഡ് ജില്ലാ നേതൃത്വം അപലപിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 15 വയസുള്ള വിദ്യാര്‍ത്ഥി സുഹൃത്തുക്കളോടൊപ്പം ഗവണ്‍മെന്റ് ഇന്റര്‍ കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.

ജനക്കൂട്ടം ആണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തുകയും പേര് പറയാന്‍ ആവശ്യപ്പെടുകയും ചെയ്തു. കുട്ടിയോട് അസഭ്യം പറഞ്ഞുകൊണ്ട് നിലത്തു കിടന്ന പാക് പതാകയില്‍ മൂത്രമൊഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും എഫ്‌ഐആറില്‍ പറയുന്നു. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സമാജ് വാദി പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് യാദവ് പറഞ്ഞു.

أحدث أقدم