മകളുടെ ഭർതൃപിതാവിനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മയ്ക്കായി പൊലീസ് അന്വേഷണം. ഉത്തർപ്രദേശിലെ ബഡാനില്‍നിന്നുള്ള മമ്ത (43)യാണ് മകളുടെ ഭര്‍തൃപിതാവായ ഷൈലേന്ദ്ര (46) എന്ന ബില്ലുവിനൊപ്പം ഒളിച്ചോടിയത്. വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവുമായാണ് മമ്ത പോയതെന്ന് ഭർത്താവ് സുനിൽ കുമാർ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു
ലോറി ഡ്രൈവറായ സുനിൽ മാസത്തില്‍ ഒന്നോ രണ്ടോ തവണയാണ് വീട്ടിലെത്തിയിരുന്നത്. സുനിൽ ഇല്ലാത്തപ്പോൾ മമ്ത ഷൈലേന്ദ്രയെ വീട്ടിലേക്കു വിളിച്ചുവരുത്തുമായിരുന്നെന്നും തങ്ങളോട് മറ്റൊരു മുറിയിലേക്കു പോകാൻ പറയുമായിരുന്നെന്നും മകൻ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. സുനില്‍ കുമാറിനും മമ്തക്കും നാലു മക്കളുണ്ട്. ഇതില്‍ ഒരു മകളെ 2022 ല്‍ വിവാഹം കഴിപ്പിച്ചു. ആ മകളുടെ ഭർത്താവിന്റെ പിതാവാണ് ഷൈലേന്ദ്ര. ലോറിയില്‍ പോകുമ്പോള്‍ വീട്ടില്‍ കൃത്യമായി എത്താന്‍ കഴിഞ്ഞില്ലെങ്കിലും പണം അയച്ചു നല്‍കുമായിരുന്നെന്ന് സുനിൽ പറഞ്ഞു.
ഷൈലേന്ദ്ര രാത്രിയിൽ സുനിലിന്റെ വീട്ടിലെത്തുന്നതും പുലർച്ചെ തിരിച്ചുപോകുന്നതും കണ്ടിട്ടുണ്ടെന്നും ബന്ധുക്കളായതിനാൽ സംശയിച്ചിരുന്നില്ലെന്നും അയല്‍വാസിയായ അവദേശ് കുമാര്‍ പറഞ്ഞു. മമ്തയ്ക്കും ഷൈലേന്ദ്രയ്ക്കുമായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.