പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് മേയ് 7 മുതൽ





വത്തിക്കാൻ സിറ്റി: അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തെരഞ്ഞെടുക്കാനുള്ള കർദിനാൾമാരുടെ കോൺക്ലേവ് മേയ് ഏഴിന് ആരംഭിക്കും. വത്തിക്കാനിൽ തിങ്കളാഴ്ച ചേർന്ന കർദിനാൾമാരുടെ യോഗത്തിലാണു തീരുമാനം. കോൺക്ലേവിനു മുന്നോടിയായി സിസ്റ്റൈൻ ചാപ്പലിൽ വിശ്വാസികളുടെ പ്രവേശനം നിരോധിച്ചിരിക്കുകയാണ്..

ആകെയുള്ള 256 കര്‍ദിനാള്‍മാരില്‍ എണ്‍പത് വയസില്‍ താഴെ പ്രായമുള്ള 135 കര്‍ദിനാള്‍മാർക്കാണ് കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ളത്. ഇവരിൽ എത്രപേർ പങ്കെടുക്കുമെന്നു വ്യക്തമല്ല. ആരോഗ്യകാരണങ്ങളാൽ താൻ പങ്കെടുക്കില്ലെന്ന് ഒരു സ്പാനിഷ് കർദിനാൾ അറിയിച്ചിരുന്നു. മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നയാളെയാണ് അടുത്ത മാർപാപ്പയായി തെരഞ്ഞെടുക്കുക. അതു വരെ വോട്ടെടുപ്പ് തുടരും.

രഹസ്യബാലറ്റ് വഴിയാണു വോട്ടെടുപ്പ്. ഓരോ വോട്ടെടുപ്പിനും ശേഷം ബാലറ്റുകൾ കത്തിച്ചു കളയും. പുതിയ മാർപാപ്പയെ തെരഞ്ഞെടുത്തിട്ടില്ലെങ്കിൽ കറുത്ത പുകയും, തെരഞ്ഞെടുത്താല്‍ വെളുത്ത പുകയുമായിരിക്കും വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിലെ പുകക്കുഴലില്‍ നിന്ന് ഉയരുക.

മലയാളിയായ കർദിനാൾ മാർ ജോർജ് കൂവക്കാടിനു കോൺക്ലേവിൽ സുപ്രധാന ചുമതലകളുണ്ട്. വോട്ട് എണ്ണുന്ന മൂന്നു കർദിനാൾമാർ, അനാരോഗ്യം മൂലം പങ്കെടുക്കാനാവാത്തവരിൽ നിന്നു ബാലറ്റ് ശേഖരിക്കുന്ന മൂന്നു കർദിനാൾമാർ, വോട്ടെണ്ണലിന്‍റെ കൃത്യത പരിശോധിക്കുന്ന മൂന്നു കർദിനാൾമാർ എന്നിവരെ മാർ കൂവക്കാടാണു തെരഞ്ഞെടുക്കുക. സിസ്റ്റൈൻ ചാപ്പലിന്‍റെ വാതിലുകൾ തുറക്കുന്നതും അടയ്ക്കുന്നതും അദ്ദേഹത്തിന്‍റെ മേൽനോട്ടത്തിലാണ്. ​
أحدث أقدم