ജഗന്‍ മോഹന്റെയും ഡാല്‍മിയ സിമന്റ്‌സിന്റെയും 800 കോടിയുടെ ആസ്തി ഇഡി കണ്ടുകെട്ടി





ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെയും ഡാല്‍മിയ സിമന്റ്സ് ലിമിറ്റഡിന്റെയും 405 കോടിയിലധികം രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതായി റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് നടപടി. സ്വത്തിന്റെ നിലവിലെ മൂല്യം 793.3 കോടി രൂപയാണെന്ന് ഡാല്‍മിയ സിമന്റ്സ് എക്‌സ്‌ചേഞ്ച് ഫയലിങ്ങില്‍ പറഞ്ഞു. മാര്‍ച്ച് 31ന് ആണ് ഇഡിയുടെ ഹൈദരാബാദ് യൂണിറ്റ് കണ്ടുകെട്ടല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ആദ്യകാല ബിസിനസുകളിലെ നിക്ഷേപങ്ങളെ കുറിച്ച് സിബിഐ നടത്തിയ അന്വേഷണത്തില്‍ നിന്നാണ് കേസ് ആരംഭിക്കുന്നത്. കാര്‍മല്‍ ഏഷ്യ ഹോള്‍ഡിംഗ്‌സ്, സരസ്വതി പവര്‍ ആന്റ് ഇന്‍ഡസ്ട്രീസ്, ഹര്‍ഷ ഫേം എന്നിവയുള്‍പ്പെടെ ഒന്നിലധികം സ്ഥാപനങ്ങളിലായി ജഗന്‍ കൈവശം വച്ചിരുന്ന 27.5 കോടി രൂപയുടെ ഓഹരികള്‍ കണ്ടുകെട്ടിയ ആസ്തികളില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ ഡാല്‍മിയ സിമന്റ്സ് ഏറ്റെടുത്ത ഭൂമിയും ഇതില്‍ ഉള്‍പ്പെടുന്നു.  യഥാര്‍ത്ഥത്തില്‍ ഇതിന് 377.2 കോടി രൂപ വിലമതിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ജഗന്‍ റെഡ്ഡിയുമായി ബന്ധപ്പെട്ട ഒരു കമ്പനിയായ രഘുറാം സിമന്റ്‌സ് ലിമിറ്റഡില്‍ ഡാല്‍മിയ സിമന്റ്‌സ് 95 കോടി രൂപ നിക്ഷേപിച്ചതായി ഇഡിയെയും സിബിഐയെയും ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന് പകരമായി, കടപ്പ ജില്ലയില്‍ 407 ഹെക്ടറില്‍ ഖനനം ചെയ്യുന്നതിനായി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പട്ടയം നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്.

ഇത് നിയമാനുസൃതമായ നിക്ഷേപമല്ലെന്നും ജഗന് അദ്ദേഹത്തിന്റെ പിതാവായ അന്നത്തെ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുമായുള്ള ബന്ധം വഴി സാധ്യമായ കൈക്കൂലി ഇടപാടാണെന്നും ഇ ഡി ആരോപിക്കുന്നു. ബിസിനസ് ഇടപാട് എന്ന വ്യാജേനയാണ് കൈക്കൂലി ഇടപാട് നടന്നതെന്നും ഇഡിയുടെ ആരോപണത്തില്‍ പറയുന്നു. 2013ലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ജഗന്‍, ഡാല്‍മിയ സിമന്റ്‌സ് (മൂന്നാം പ്രതി) എന്നിവരെയും മറ്റുള്ളവരെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും അഴിമതി നിരോധന നിയമത്തിലെയും വകുപ്പുകള്‍ പ്രകാരമാണ് പ്രതി ചേര്‍ത്തത്. ഡാല്‍മിയ സിമന്റ്‌സ് സ്വത്തുക്കള്‍ കണ്ടുകെട്ടിയതിനെ കുറിച്ച് സെബിയെ അറിയിച്ചിട്ടുണ്ട്. ഇഡി ഉത്തരവ് തങ്ങളുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇഡിയുടെ ഉത്തരവ് അവലോകനം ചെയ്യുകയാണെന്നും തങ്ങളുടെ ആസ്തി സംരക്ഷിക്കാന്‍ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.
أحدث أقدم