
പരീക്ഷ എഴുതിക്കാതെ 9-ാം ക്ലാസ് വിദ്യാർത്ഥിയെക്കൊണ്ട് ചിക്കൻ മുറിപ്പിച്ച സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാർത്ഥിയെ അത് തുടരാൻ സമ്മതിക്കാതെ അധ്യാപകൻ മറ്റൊരു അധ്യാപികക്കായി വാങ്ങിയ ചിക്കൻ മുറിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ദോഡയ്‌ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന്റെ ഉത്തരവനുസരിച്ചാണ് അധ്യാപകനായ മോഹൻലാൽ ദോഡയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തത്.
ഉദയ്പൂരിലെ കോട്ടഡയിലെ ആദിവാസി മേഖലയിലുള്ള സാവൻ ക്യാര സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് വിദ്യാർത്ഥിക്കെതിരെയുള്ള ഈ ക്രൂരത അരങ്ങേറിയത്. പിന്നീട് വിദ്യാർത്ഥി ചിക്കൻ മുറിക്കുന്നതിന്റെയടക്കം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.