ആന്ധ്രാപ്രദേശില്‍ ക്ഷേത്രമതില്‍ ഇടിഞ്ഞ് അപകടം; എട്ട് മരണം നിരവധി പേര്‍ക്ക് പരിക്ക്





വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ ക്ഷേത്രമതില്‍ ഇടിഞ്ഞ് എട്ട് മരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വിശാഖപട്ടണത്തെ സിംഹാചലം ക്ഷേത്രത്തിലെ പുതുതായി നിര്‍മ്മിച്ച മതില്‍ ഇടിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

ചന്ദനോത്സവം ഉത്സവത്തിനിടെ 20 അടി നീളമുള്ള മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു. ടിക്കറ്റ് കൗണ്ടറിനടുത്തുള്ള മതില്‍ 20 ദിവസം മുമ്പ് നിര്‍മ്മിച്ചതാണെന്നാണ് വിവരം. ദേശീയ ദുരന്ത നിവാരണ സേന എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്) ടീമുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അപകടത്തില്‍ പരിക്കേറ്റവരെ കിങ് ജോര്‍ജ് ആശുപത്രിയില്‍ (കെജിഎച്ച്) പ്രവേശിപ്പിച്ചു.

അപകട കാരണം വ്യക്തമല്ല. പ്രദേശത്ത് പുലര്‍ച്ചെ 2:30 നും 3:30 നും ഇടയില്‍ ശക്തമായ മഴ പെയ്തതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ മഴയും കാറ്റും ഉണ്ടായതോടെ ഈ പ്രദേശത്ത് വലിയ വെള്ളക്കെട്ടുണ്ടായിരുന്നതായുമാണ് റിപ്പോര്‍ട്ട്.

ആന്ധ്രാപ്രദേശ് ആഭ്യന്തര മന്ത്രിയും ദുരന്തനിവാരണ മന്ത്രിയുമായ അനിത വന്ഗലപുടി രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കാന്‍ സ്ഥലത്തെത്തി. ചന്ദനോത്സവം ഉത്സവം അഥവാ ചന്ദന യാത്ര ഏപ്രില്‍ 30 നാണ് ക്ഷേത്രത്തില്‍ ആഘോഷിക്കുന്നത്.
أحدث أقدم