പോപ്പിന്റെ ഇന്ത്യയിലേക്കുള്ള വരവ് നീണ്ടുപോയത് രാഷ്ട്രീയ കാരണങ്ങളാല്‍; ജോണ്‍ പോള്‍ രണ്ടാമന്റെ സന്ദര്‍ശനത്തിന് എതിരെ വിഎച്ച്പി കോലം കത്തിച്ചത് ചരിത്രം


ഇന്ത്യയിലേക്ക് വരാന്‍ ഏറെ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന മാര്‍പാപ്പ ആയിരുന്നു പോപ്പ് ഫ്രാന്‍സിസ്. എന്നാല്‍ തക്ക സമയത്ത് ക്ഷണം കിട്ടാതെ പോയത് കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഇന്ത്യയിലേക്ക് വരാന്‍ കഴിയാതെ പോയത്. നരേന്ദ്ര മോദി അധികാരത്തില്‍ വന്ന 2014 മുതല്‍ അഖിലേന്ത്യാ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) നിരന്തരം കേന്ദ്ര സര്‍ക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ വേണ്ട താല്‍പര്യം കാണിച്ചില്ല.

ജോണ്‍ പോള്‍ രണ്ടാമനാണ് ഏറ്റവും ഒടുവില്‍ ഇന്ത്യയിലെത്തിയ മാര്‍പ്പാപ്പ. 1999 നവംബറിലായിരുന്നു ഈ സന്ദര്‍ശനം. ബിജെപി ആദ്യമായി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയതും 1999-ൽ ആയിരുന്നു. മാര്‍പ്പാപ്പ ഇന്ത്യ സന്ദര്‍ശിക്കുന്നതിനെതിരെ വിശ്വഹിന്ദു പരിഷത്തിന്റേയും ബജ്രംഗ്ദളിന്റേയും നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങള്‍ പാര്‍ലമെന്റിന് മുന്നില്‍ നടന്നിരുന്നു. വിഎച്ച്പിയുടെ നേതൃത്വത്തില്‍ പോപ്പിന്റെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം.

പോപ്പിന്റെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചു കൊണ്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ എംപിമാര്‍ വലിയ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. 1999 ഒക്ടോബര്‍ 27 ന് ലോകസഭയില്‍ പോപ്പിന്റെ സുരക്ഷയെക്കുറിച്ച് നടന്ന ചര്‍ച്ച തുടങ്ങിവെച്ചത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന അംഗമായ പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷിയായിരുന്നു. ആഭ്യന്തര മന്ത്രി എല്‍കെ അദ്വാനിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിന് മുന്നിലാണ് മാര്‍പ്പാപ്പയുടെ കോലം കത്തിച്ചത്. 144 ആം വകുപ്പ് നിലവിലുള്ള വിജയ് ചൗക്കില്‍ ഇത്തരമൊരു പ്രതിഷേധം നടന്നത് അങ്ങേയറ്റം ആശങ്ക ഉളവാക്കുന്ന വിഷയമാണെന്നാണ് ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിലൂടെ അദ്ദേഹം ഉന്നയിച്ചത്.

തൊട്ടുപിന്നാലെ സിപിഎം അംഗമായിരുന്ന സുരേഷ് കുറുപ്പ് , കോണ്‍ഗ്രസ് അംഗങ്ങളായിരുന്ന രമേശ് ചെന്നിത്തല, വിഎം സുധീരന്‍ എന്നിവര്‍ സംഘപരിവാറിന്റെ നിലപാടുകള്‍ക്കെതിരെ ആഞ്ഞടിച്ചിരുന്നു. പോപ്പിന്റെ ചരിത്ര പ്രസിദ്ധമായ ഈ വരവിനെതിരെ ഇത്തരമൊരു പ്രതിഷേധം നടത്തുന്നത് നമ്മുടെ രാജ്യത്തിന്റെ അന്തസിനേറ്റ കനത്ത ക്ഷതമാണ്. ആര്‍എസ്എസും വിഎച്ച്പിയും ചേര്‍ന്ന് മത സൗഹാര്‍ദ്ദത്തിനെ പരിക്കേല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ആഭ്യന്തര മന്ത്രി ഇക്കാര്യത്തില്‍ ശക്തമായ നടപടി എടുക്കണമെന്നാണ് സുധീരന്‍ ആവശ്യപ്പെട്ടത്. സമാനമായ വിധത്തിലാണ് രമേശ് ചെന്നിത്തലയും പ്രസംഗിച്ചത്.


ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, ഗള്‍ഫ്, മ്യാന്‍മാര്‍ എന്നിവിടങ്ങളിലൊക്കെ കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചെങ്കിലും ഇന്ത്യ സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. ഒരു പക്ഷേ, സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധമാകാം സന്ദര്‍ശനം നീണ്ടു പോകാന്‍ കാരണമെന്നാണ് കരുതുന്നത്.



1986ല്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരുന്ന കാലത്താണ് ജോണ്‍ പോള്‍ രണ്ടാമന്‍ ആദ്യമായി ഇന്ത്യയില്‍ വരുന്നത്. അന്ന് അദ്ദേഹം കേരളത്തിലും വന്നിരുന്നു. കെ കരുണാകരനായിരുന്നു അന്ന് മുഖ്യമന്ത്രി. പിന്നീട് 13 വര്‍ഷത്തിന് ശേഷമാണ് ജോണ്‍ പോള്‍ മാര്‍പ്പാപ്പ ഇന്ത്യയിലെത്തിയത്. പോപ്പിന്റെ വരവിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതും കോലം കത്തിച്ചതും ഭരണ കക്ഷി എംപിയുടെ നേതൃത്വത്തിലായിരുന്നു എന്ന കാര്യം ഇന്നും മായാതെ കിടപ്പുണ്ട്.

أحدث أقدم